എഴുപത്തഞ്ചിലും ചുവടുതെറ്റാതെ നിറഞ്ഞാടി ദേവി ടീച്ചർ
text_fieldsബാലുശ്ശേരി: വയസ്സ് എഴുപത്തിയഞ്ചായെങ്കിലും നൃത്തച്ചുവടുകൾ തെറ്റാതെ വേദിയിൽ നിറഞ്ഞാടി ദേവി ടീച്ചർ. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന വയോജന കലോത്സവത്തിലാണ് പ്രായം മറന്ന് ദേവി ടീച്ചർ കാലിൽ ചിലങ്ക കെട്ടി നാടോടി നൃത്തത്തിനായി ചുവടുകൾവെച്ചത്. കഴിഞ്ഞ 62 വർഷമായി ആയിരക്കണക്കിന് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ച് വേദികളിൽ അരങ്ങേറ്റിയിട്ടുണ്ടെങ്കിലും ദേവി ടീച്ചർ ഇതുവരെ വേദിയിൽ വന്ന് സ്വയം നൃത്തച്ചുവടുകൾ വെച്ചിട്ടില്ല. ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവത്തിൽ ആദ്യമായാണ് ചിലങ്ക കെട്ടി കാണികളുടെ പ്രശംസ പിടിച്ചുപറ്റിയത്. നാടോടി നൃത്തവും സംഘനൃത്തവും നാടൻപാട്ടും വടക്കൻ പാട്ടും തിരുവാതിരക്കളിയും തുടങ്ങി വിവിധ കലാപരിപാടികളിലേക്ക് ഒട്ടനവധി വിദ്യാർഥിനികളെയും അമ്മമാരെയുമാണ് 62 വർഷക്കാലത്തെ നൃത്ത പരിശീലന ക്ലാസിലൂടെ ദേവി ടീച്ചർ അരങ്ങിലെത്തിച്ചിട്ടുള്ളത്.
1968ൽ മണ്ണാംപൊയിൽ ഇരട്ടക്കുളങ്ങര പരദേവത ക്ഷേത്രത്തിൽ കൊളത്തൂർ ആശ്രമത്തിലെ ഗുരുവരാനന്ദ സ്വാമികളുടെ കാൽകീഴിൽ ദക്ഷിണ സമർപ്പിച്ചായിരുന്നു ടീച്ചറുടെ ശിക്ഷണത്തിൽ കുട്ടികൾ ആദ്യമായി നൃത്ത അരങ്ങേറ്റം നടത്തിയത്. പിന്നീടങ്ങോട്ട് ബാലുശ്ശേരി, പനായി, പനങ്ങാട് പ്രദേശങ്ങളിലായി നിരവധി വിദ്യാർഥികളാണ് ടീച്ചറുടെ ശീക്ഷണത്തിൽ നൃത്താഭ്യാസം പഠിച്ചത്. അക്കാലത്ത് ദേവി ടീച്ചറുടെ ശിക്ഷണത്തിലുള്ള വിദ്യാർഥിനികളായിരുന്നു ബാലുശ്ശേരി പ്രദേശത്തെ ഉത്സവാഘോഷങ്ങളിലെയും സ്കൂൾ കലോത്സവങ്ങളിലെയും നൃത്തനൃത്യങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. പിതാവ് പനായി പാണൻകണ്ടി രാമരും കഥകളി കലാകാരനായിരുന്നു. ഫോക് ലോർ അക്കാദമിയുടെ കീഴിൽ തിരുവരങ്ങ് പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 35ഓളം സ്റ്റേജുകളിൽ നാടൻ കലകളായ ബലിയ്ക്കള തോറ്റംപാട്ട് ദേവി ടീച്ചറുടെ നേതൃത്വത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ പാലേരി മാണിക്കം, പടച്ചോനെ ഇങ്ങള് കാത്തോളീ.. എന്നീ സിനിമകളിലും ദേവി ടീച്ചർ മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോൾ പനങ്ങാട് പാറകുന്നത്ത് ഭർത്താവ് മോഹൻദാസിനൊപ്പം താമസിച്ച് ഈ എഴുപത്തഞ്ചാം വയസ്സിലും കുട്ടികൾക്ക് നൃത്തചുവടുകൾ പഠിപ്പിച്ചു നൽകുന്നുണ്ട്. മക്കളായ സീതയും സുമേഷും സിനേഷും പാരമ്പര്യ കലാകാരന്മാരായി ടീച്ചറോടൊപ്പം തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.