ഓർമയിൽ കനലടങ്ങാതെ കാവുമ്പായി...
text_fieldsശ്രീകണ്ഠപുരം: ചോര ചിന്തിയ കാവുമ്പായിക്കുന്നിൽ കനലടങ്ങാത്ത ഓർമകൾക്ക് 75 വയസ്സ്. 1946 ഡിസംബർ 30നാണ് കരിവെള്ളൂരിന് പിന്നാലെ കാവുമ്പായി സമരക്കുന്നിൽ കർഷകർക്ക് വെടിയേറ്റത്. ജീവൻ ബലിയർപ്പിച്ച് അവർ വീഴുമ്പോഴും ജന്മിത്വത്തിനെതിരായ മുദ്രാവാക്യങ്ങളാണ് വാനിൽ മുഴങ്ങിയത്. പി. കുമാരൻ, പുളുക്കൂൽ കുഞ്ഞിരാമൻ, മഞ്ഞേരി ഗോവിന്ദൻ, ആലാറമ്പൻകണ്ടി കൃഷ്ണൻ, തെങ്ങിൽ അപ്പ നമ്പ്യാർ എന്നിവരുടെ രക്തസാക്ഷിത്വത്തിെൻറ സ്മരണയാണ് കാവുമ്പായി സമരക്കുന്ന്.
ഉത്തര മലബാറിൽ കൃഷിഭൂമിക്കുവേണ്ടി നടന്ന രക്തരൂഷിത സമരങ്ങളിലൊന്നാണ് കാവുമ്പായി സമരം. ജന്മിയുടെ അനുമതിയില്ലാതെ കുന്നുകളിലെ കാട് വെട്ടിത്തെളിച്ച് പുനം കൃഷി നടത്തിയായിരുന്നു സമരങ്ങളുടെ തുടക്കം. 1946 നവംബറോടെ സമരം രൂക്ഷമായി. സമരക്കാരെ അടിച്ചമർത്താൻ ജന്മിക്കുവേണ്ടിയിറങ്ങിയത് മലാബാർ സ്പെഷൽ പൊലീസായിരുന്നു (എം.എസ്.പി).
പ്രത്യേകം ക്യാമ്പുകൾ തുറന്നാണ് പൊലീസ് സംഘം ഇരിക്കൂർ ഫർക്കയിലെ 10 വില്ലേജുകളിൽ നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചത്. അതിനെ എതിർത്ത് അഞ്ഞൂറോളം കർഷകർ സായുധരായി കാവുമ്പായി കുന്നിൽ സംഘടിച്ചു. ഈ വിവരം ഒറ്റുകാർ വഴി എം.എസ്.പിക്കാർ അറിഞ്ഞിരുന്നു. ഡിസംബർ 30ന് പുലർച്ച കാവുമ്പായിക്കുന്ന് വളഞ്ഞ പൊലീസ് സമക്കാർക്ക് നേരെ വെടിയുതിർത്തു. സമരക്കാരായ പുളുക്കൂൽ കുഞ്ഞിരാമൻ, പി. കുമാരൻ, മഞ്ഞേരി ഗോവിന്ദൻ എന്നിവർ തൽക്ഷണം മരിച്ചു. ആലാറമ്പൻകണ്ടി കൃഷ്ണനെയും തെങ്ങിൽ അപ്പനമ്പ്യാരെയും പൊലീസ് പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു.
സമരനേതാക്കളായിരുന്ന തളിയൻ രാമൻ നമ്പ്യാർ, ഒ.പി. അനന്തൻമാസ്റ്റർ എന്നിവർ ഉൾപ്പെടെ നിരവധി പേർ ജയിലിലായി. അറസ്റ്റ് ചെയ്തവരെ ആദ്യം കണ്ണൂരിലും പിന്നീട് സേലം ജയിലിലുമാണ് പാർപ്പിച്ചിരുന്നത്. 1950 ഫെബ്രുവരി 11ന് സേലം ജയിലിൽ വെച്ചുണ്ടായ വെടിവെപ്പിൽ തളിയൻ രാമൻ നമ്പ്യാരും ഒ.പി. അനന്തൻ മാസ്റ്ററും കൊല്ലപ്പെട്ടു. രാമൻ നമ്പ്യാരുടെ മകൻ കാവുമ്പായിയിലെ ഇ.കെ. നാരായണൻ നമ്പ്യാർ (97) സേലം വെടിവെപ്പിൽ കാലിൽ തറച്ച വെടിയുണ്ടയുമായി ഇന്നും ജീവിക്കുന്നുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ ചില പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടർന്നാണ് 200ഓളം പേരെ സേലം ജയിലിലേക്ക് മാറ്റിയത്. അവിടെ ഡെയ്ഞ്ചർ കമ്യൂണിസ്റ്റ് എന്ന ബോർഡ് സെല്ലിനു പുറത്ത് സ്ഥാപിച്ചു. സെല്ലിൽ മുദ്രാവാക്യം വിളിച്ചതിനാണ് നിരായുധരായ സമര നായകർക്കുനേരെ പൊലീസ് വെടിയുതിർത്തത്. പിതാവ് തളിയൻ രാമൻ നമ്പ്യാരടക്കം 22 പോരാളികൾ ജയിലിനകത്ത് വെടിയേറ്റ് തൽക്ഷണം മരിച്ചുവീണ ദുരന്തക്കാഴ്ചക്ക് നാരായണൻ നമ്പ്യാർ സാക്ഷിയാകേണ്ടിയും വന്നു.
കാവുമ്പായി സമരത്തോടനുബന്ധിച്ച് ഒട്ടേറെ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇദ്ദേഹം കോഴിക്കോട്, കണ്ണൂർ, വെല്ലൂർ, സേലം ജയിലുകളിലായി 39 വർഷം തടവിൽ കഴിഞ്ഞിട്ടുണ്ട്. കാവുമ്പായി സമരത്തിെൻറ 75-ാം വാർഷികത്തിെൻറ ഭാഗമായി ഇത്തവണ ഒരു വർഷം നീളുന്ന വിപുലമായ പരിപാടികളാണ് നടത്തുന്നത്.വ്യാഴാഴ്ച ഐച്ചേരിയിൽ നടക്കുന്ന രക്തസാക്ഷി ദിനാചരണം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
കാവുമ്പായിയിൽ സർക്കാർ സമര മ്യൂസിയം ഒരുക്കും
കർഷക സമര പോരാട്ടത്തിെൻറ ചരിത്രം പറയാൻ കാവുമ്പായിയിലെ സമരക്കുന്നിൽ സർക്കാർ മ്യൂസിയം നിർമിക്കും. 2020 ലെ ബജറ്റിൽ ഇതിനായി സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാവുമ്പായി പഠന ഗവേഷണ കേന്ദ്രത്തിെൻറ നേതൃത്വത്തിലാണ് സമരക്കുന്നിൽ ചരിത്ര മ്യൂസിയം ഒരുക്കുക.
മ്യൂസിയത്തിൽ സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായി വടക്കേ മലബാറിൽ നടന്ന കർഷക സമരങ്ങളെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും പുതിയ തലമുറകൾക്ക് ചരിത്ര സംഭവങ്ങൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യം ഒരുക്കും. മ്യൂസിയത്തിനായി 12 സെന്റ് ഭൂമിയാണ് സമരക്കുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.