ഡോക്ടര്‍ ദമ്പതികൾക്ക് 7.65 കോടി നഷ്ടമായ സംഭവം; തട്ടിപ്പിന്റെ കേന്ദ്രം ഗുജറാത്ത്
text_fieldsചേര്‍ത്തല: ഓൺലൈൻ കമ്പനികളിൽ വന്‍ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് 7.65 കോടി തട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവിയും ചേർത്തല സ്വദേശിയുമായ ഡോ.വിനയകുമാറിന്റെയും ഭാര്യ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്കിൻ സ്പെഷലിസ്റ്റ് ഡോ.ഐഷയുടെയും പണവുമാണ് നഷ്ടമായത്.
കമ്പനിയെന്ന് അവകാശപ്പെടുന്നവരും ഇടപാടുകാരും വാട്സ്ആപ് വഴി മാത്രമാണ് വിവരങ്ങൾ കൈമാറിയിരുന്നത്. ഡോക്ടർ ദമ്പതികളുടെ നിക്ഷേപം കൂടിയതോടെ ലാഭവും ചേർത്ത് 39.72 കോടി നൽകാമെന്നും ദമ്പതികളുടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ടിൽ പണം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും അയച്ചുനൽകി.
ഇത് വ്യാജമായിരുന്നു. എന്നാൽ, 7.65 കോടി 15 കോടി ആക്കി ഉയർത്തിയാലേ മുഴുവൻ പണവും ലഭിക്കൂവെന്ന് പറഞ്ഞപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. രണ്ട് മാസത്തിനിടയിലാണ് ഇത്രയും അധികം തുക നിക്ഷേപിക്കുകയും പിന്നീട് ഇവർക്ക് നഷ്ടപ്പെടുകയും ഉണ്ടായത്.
പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നത്. 7.65 കോടിയുടെ തട്ടിപ്പ് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പെന്നാണ് പൊലീസ് നിലപാട്. അതിനാല്‍തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരിക്കും അന്വേഷണമെന്നാണ് വിവരം.
ഇന്‍വെസ്കോ, കാപിറ്റല്‍, ഗോള്‍ ഡിമാന്‍ഡ്സ് സാക്സ് എന്നീ കമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണ് രേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തും ഡോക്ടര്‍ ദമ്പതികളെ തട്ടിപ്പുസംഘം കുടുക്കിയത്. ഇതിന്റെ ഇടപാടുകളെല്ലാം സാമ്പത്തിക വിദഗ്ധന്റെയും ഓഹരിവിപണി വിദഗ്ധന്റെയും സാന്നിധ്യത്തില്‍ പൊലീസ് തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ പരിശോധിക്കും.
ഇതിനുശേഷം ഗുജറാത്തിലേക്ക് തിരിക്കും. ട്രാന്‍സ്ഫര്‍ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് വിശദമായി പരിശോധിക്കുന്നത്. മലയാളികളായവരുടെ ഇടപെടല്‍ തട്ടിപ്പിന് പിന്നിലുണ്ടോയെന്ന വിവരവും പരിശോധിക്കുന്നുണ്ട്. പണം തട്ടുന്നതിന് ഡോക്ടര്‍ക്ക് വാട്സ്ആപ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്താണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെ വിവരങ്ങള്‍ കൈമാറിയത്.
സംസ്ഥാനത്ത് സമാനമായി നടന്ന തട്ടിപ്പുകളുടെ അന്വേഷണവുമായും ഇതിനെ യോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള പിന്തുണയില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘമാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തിയത്.
മറ്റൊരു തട്ടിപ്പിൽ ചേർത്തലയിലെ വ്യാപാരിക്ക് ലക്ഷങ്ങൾ നഷ്ടമായ സംഭവത്തിൽ പിടിയിലായ മലയാളികള്‍ക്ക് ഇത്തരത്തിലുള്ള മറ്റ് തട്ടിപ്പുകളിലടക്കം പങ്കുള്ളതായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇവരുടെ അക്കൗണ്ടിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പണം എത്തിയതായും പൊലീസ് കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആദില്‍ മിഥിലാജ് (25), വയനാട് മാനന്തവാടി കൊല്ലൂര്‍ സ്വദേശി നിബിന് നിയാസ് (22), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാന് (21), എറണാകുളം ഐക്കരനാട് സ്വദേശി എബിന് പി. ജോസ് (28) എന്നിവരെയാണ് പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. നാലുപേരും റിമാന്‍ഡിലാണ്.
പിടികൂടിയ പ്രതികളില്‍നിന്ന് 14.69 ലക്ഷം രൂപയും വിവിധ ബാങ്കുകളുടെ 55 എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തിരുന്നു. അന്വേഷണഭാഗമായി ആദില്‍ മിഥിലാജ്, എബിന് പി. ജോസ് എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.