മന്ത്രിമന്ദിരങ്ങളിലെ മോടിക്ക് 7.91 കോടി
text_fieldsകൊച്ചി: ക്ലിഫ് ഹൗസടക്കം മന്ത്രിമന്ദിരങ്ങളിലെ നിർമാണ പ്രവൃത്തികൾ, അറ്റകുറ്റപ്പണികൾ, മോടിപിടിപ്പിക്കൽ എന്നിവക്കായി സർക്കാർ ചെലവഴിച്ചത് 7.91 കോടി രൂപ. 2016 മേയ് മുതൽ ഇതുവരെയുള്ള കണക്കാണിത്. ശോച്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിതന്നെ തുറന്നുപറഞ്ഞ സാഹചര്യത്തിലാണ് മന്ത്രിമന്ദിരങ്ങൾക്കായി ചെലവഴിച്ച കണക്കുകൾ പുറത്തുവന്നത്.
മന്ത്രിമന്ദിരങ്ങളിലെ കർട്ടൻ മാറ്റിയതിന് മാത്രം 44.96 ലക്ഷം ചെലവായി. മുഖ്യമന്ത്രിയുടെ വസതിയുടെ അറ്റകുറ്റപ്പണിക്ക് 2.18 കോടിയും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് 60.71 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാൻ 2016 മുതൽ 2021 മേയ് വരെ 2,07,606 രൂപയും തുടർന്ന് നാളിതുവരെ 10,06,682 രൂപയുമാണ് വേണ്ടിവന്നത്. 79.73 ലക്ഷം മുഖ്യമന്ത്രിയുടെ ചികിത്സക്കും നൽകിയിട്ടുണ്ട്.
ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരണത്തിന് 2016 മേയ് മുതൽ 2021 മേയ് വരെ 25.99 ലക്ഷവും വാർഷിക അറ്റകുറ്റപ്പണിക്ക് 2.28 ലക്ഷവും വേണ്ടിവന്നു. തുടർന്ന് 2021 മുതൽ നാളിതുവരെ 10 ലക്ഷവും ചെലവായിട്ടുണ്ട്. ക്ലിഫ് ഹൗസും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഈ ആവശ്യങ്ങൾക്ക് 4.09 കോടിയാണ് ചെലവായത്. മറ്റ് മന്ത്രിമന്ദിരങ്ങളുടെ കർട്ടൻ മാറ്റാൻ 2016 മുതൽ ഇതുവരെ ചെലവ് 32.82 ലക്ഷമാണ്. ക്ലിഫ് ഹൗസ് ഒഴികെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാനും അറ്റകുറ്റപ്പണികൾക്കുമായി 4.29 കോടി രൂപയുമായി.
കൊച്ചിയിലെ പ്രോപർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം സർക്കാർ വകുപ്പുകൾ നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്.
മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവഴിച്ച തുക (ലക്ഷത്തിൽ)
നെസ്റ്റ് (തദ്ദേശ സ്വയംഭരണം) 9.04
ഉഷസ് (വ്യവസായം) 15.31
അശോക (മൃഗസംരക്ഷണം) 26.67
പൗർണമി (ധനകാര്യം) 17.04
പ്രശാന്ത് (ജലസേചനം) 25.02
എസെൻഡീൻ (ദേവസ്വം) 11.07
ലിന്‍ററസ്റ്റ് (കൃഷി) 54.75
പെരിയാർ (വൈദ്യുതി) 10.59
പമ്പാ (പൊതുമരാമത്ത്) 2.85
അജന്ത (സിവിൽ സപ്ലൈസ്) 29.89
മൻമോഹൻ (ഗതാഗത) 27.08
കവടിയാർ ഹൗസ് (ഫിഷറീസ്) 18.91
കാവേരി (വനം) 16.18
ഗ്രേസ് (റവന്യൂ) 2.87
നിള (ആരോഗ്യം) 13.35
ഗംഗ (രജിസ്ട്രേഷൻ) 14.48
തൈക്കാട് ഹൗസ് (തുറമുഖം) 24.38
സാനഡു (ഉന്നത വിദ്യാഭ്യാസം) 62.64
റോസ് ഹൗസ് (വിദ്യാഭ്യാസം) 47.38
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.