കേരളത്തിന് വീണ്ടും അഭിമാന നിമിഷം; കോവിഡ് ബാധിതരായ എട്ട് വിദേശികളും സുഖംപ്രാപിച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരുള്‍പ്പെടെ എട്ട് വിദേശികളും രോഗമുക്തരായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ നാലുപേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവ സങ്ങളില്‍ നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യു.കെയി ല്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്‌സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടി സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്.
രോഗം കുറഞ്ഞതിനെ തുടര്‍ന്ന് ഇവരില്‍ അവസാനത്തെ നാല് രോഗികളെ അവസാന ദിവസങ്ങളില്‍ അവരുടെ നിര്‍ദേശ പ്രകാരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍നിന്ന് ലഭിച്ചുവെന്നാണ് ഇവര്‍ പറയുന്നത്.
റോബര്‍ട്ടോ ടൊണോക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികിത്സ നല്‍കിയത്. ഇവരില്‍ ഹൈ റിസ്‌കിലുള്ള എല്ലാവരും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇത് കൂടാതെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 57 വയസ്സുള്ള യു.കെ പൗരനായ ബ്രയാന്‍ നെയിലിനെ പ്രത്യേക ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്.
മാര്‍ച്ച് 13ന് വര്‍ക്കലയില്‍നിന്നാണ് ഒരു വിദേശിക്ക് ആദ്യമായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി റോബര്‍ട്ടോ ടൊണോസോയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ഇതോടൊപ്പം ഇദ്ദേഹത്തിൻെറ സഞ്ചാരപാത കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ല ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി.
കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനായ ബ്രയാന്‍ നെയില്‍ അടങ്ങിയ 19 അംഗ സംഘം മാര്‍ച്ച് 15ന് വിമാനത്തില്‍ കയറി പോകാന്‍ ശ്രമിച്ചിരുന്നു. ബ്രയാന്‍ നെയിലിനെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇവരിലാണ് ബ്രയാന്‍ നെയില്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്നു 57 വയസ്സുള്ള ബ്രയാന്‍ നെയിലിന്. മരണത്തെ മുഖാമുഖം കണ്ട അദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെയാണ് രക്ഷിച്ചത്. എച്ച്.ഐ.വിക്ക് ഉപയോഗിക്കുന്ന പ്രത്യേക ചികിത്സയിലൂടെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആകുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതുകൂടാതെയാണ് 76 വയസ്സുള്ള രണ്ട് പേരെയും 83 വയസ്സുള്ള ഒരാളെയും ചികിത്സിച്ച് ഭേദമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.