റെയിൽവേയിൽ 80 ശതമാനവും ഇ-ടിക്കറ്റ്
text_fieldsതിരുവനന്തപുരം: ട്രെയിനുകളിലെ ടിക്കറ്റ് റിസർവേഷന് കേരളമടങ്ങുന്ന ദക്ഷിണ റെയിൽവേയിലെ യാത്രക്കാരിൽ 80 ശതമാനവും സ്റ്റേഷനുകളിലെ കൗണ്ടറുകൾ കൈയൊഴിഞ്ഞ് ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയതായി കണക്കുകൾ. 2019 ഏപ്രിലിനും 2020 മാർച്ചിനും ഇടയിൽ ദക്ഷിണ റെയിൽവേക്ക് കീഴിൽ 9.64 കോടി ടിക്കറ്റുകൾ റിസർവ് ചെയ്തെന്നാണ് കണക്ക്.
ഇതിൽ 2.20 കോടിയാണ് കൗണ്ടർ വഴിയുള്ള ടിക്കറ്റുകൾ (22.8 ശതമാനം). ശേഷിക്കുന്ന മുഴുവൻ ഇ-ടിക്കറ്റുകളാണ്. 2021 ഏപ്രിലിനും 2022 മാർച്ചിനുമിടയിൽ ബുക്ക് ചെയ്ത 10.8 കോടി ട്രെയിൻ ടിക്കറ്റുകളിൽ 2.35 കോടിയാണ് കൗണ്ടർ ടിക്കറ്റുകൾ. അതായത് മൊത്തം ടിക്കറ്റുകളുടെ 21.5 ശതമാനം മാത്രം.
2022 ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ കൗണ്ടർ ടിക്കറ്റുകളുടെ വിഹിതം 18.4 ശതമാനം മാത്രമാണ്. ഇക്കാലയളവിൽ ആകെ 3.11 കോടി ടിക്കറ്റുകളാണ് റിസർവ് ചെയ്ത്. ഇതിൽ 57.4 ലക്ഷമാണ് കൗണ്ടറുകളിൽനിന്ന് ബുക്ക് ചെയ്തത്.
ഓരോ വർഷം പിന്നിടുന്തോറും കൗണ്ടറുകളിലെത്തുന്നവരുടെ എണ്ണം കുറയുന്നതായും റെയിൽവേയുടെതന്നെ കണക്കുകൾ വ്യക്തമാക്കുന്നു. 2018ൽ ദക്ഷിണ റെയിൽവേക്ക് കീഴിലെ കൗണ്ടറുകളിൽ ബുക്ക് ചെയ്തത് ആകെ ടിക്കറ്റുകളുടെ 26 ശതമാനം മുതൽ 28 ശതമാനം വരെയായിരുന്നു.
ദേശീയ ശരാശരി 35 ശതമാനമായിരിക്കുമ്പോഴായിരുന്നു ഈ നിരക്ക്. എന്നാൽ, 2019-2020 കാലയവളിൽ കൗണ്ടർ ടിക്കറ്റുകളുടെ 22.8 ശതമാനമായി താഴ്ന്നു. 2021-2022 കാലത്ത് 21.5 ശതമാനമായും. തിരുവനന്തപുരം, പാലക്കാട്, മധുര, തൃച്ചി, ചെന്നൈ, സേലം എന്നീ ആറ് ഡിവിഷനുകളാണ് ദക്ഷിണ റെയിൽവേക്ക് കീഴിലുള്ളത്.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവക്ക് പുറമേ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളുടെ ചെറിയ ഭാഗങ്ങളും അടങ്ങുന്നതാണ് ദക്ഷിണ റെയിൽവേയുടെ അധികാരപരിധി. വേഗമേറിയ ഇന്‍റർനെറ്റ് ലഭ്യതയും സ്മാർട്ട്ഫോണുകളുടെ വർധനയും ഐ.ആർ.സി.ടി.സി പോർട്ടലിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതുമെല്ലാം ഇ-ടിക്കറ്റ് വ്യാപകമാകാൻ കാരണമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
അതേസമയം, കൗണ്ടർ ടിക്കറ്റുകളെ അപേക്ഷിച്ച് ഇ-ടിക്കറ്റുകൾക്ക് സർവിസ് ചാർജ് നൽകണമെന്നതാണ് മറ്റൊരു വെല്ലുവിളി. എന്നാൽ, ഗ്രാമീണ മേഖലയിലെ റിസർവേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടിയതിന്‍റെയും ജീവനക്കാരുടെ എണ്ണം കുറച്ചതിന്‍റെയും ഫലമാണ് ഇ-ടിക്കറ്റുകളുടെ എണ്ണം ഉയരാൻ കാരണമെന്നും അക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.