കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 800 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു
text_fieldsതിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. വിമാനത്താവള വികസന ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഏറ്റെടുക്കേണ്ട 1970.05 ഹെക്ടര്‍ ഭൂമിയില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പെട്ട 21.81 ഹെക്ടര്‍ ഭൂമി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് കിന്‍ഫ്രക്ക് കൈമാറിയിട്ടുണ്ടെന്നും കെ.കെ. ശൈലജയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായിട്ടുണ്ട്. മറ്റു വില്ലേജുകളിലെ ഭൂമിയുടെ സർവേ സബ്ഡിവിഷന്‍ നടപടികള്‍, ഭൂമി ഏറ്റെടുക്കേണ്ട പദ്ധതികളുടെ സാമൂഹികാഘാത പഠനം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
റണ്‍വേ 3050 മീറ്ററില്‍നിന്ന് 4050 മീറ്ററായി നീട്ടാൻ 99.3235 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏകദേശം 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇതിന് 14.6501 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായിട്ടുണ്ട്. റണ്‍വേ നീട്ടുന്നതിന് ഭൂമി ഏറ്റെടുക്കാൻ 942,93,77,123 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.