റവന്യൂ വകുപ്പ് പിരിക്കാനുള്ള കുടിശിക 8091.94 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ റവന്യൂ വകുപ്പ് പിരിക്കാനുള്ള കുടിശിക 8091.94 കോടിയെന്ന് എ.ജിയുടെ പരിശോധനാ റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ റവന്യുവകുപ്പിലെ ഈ വർഷം ഫെബ്രുവരിവരെയുള്ള കണക്കുകളാണ് എ.ജി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ലാൻഡ് റവന്യൂ ഇനത്തിൽ 1218.25 കോടിയും റവന്യൂ റിക്കവറിയിൽ 26873.69 കോടിയും കുടിശിക പിരിച്ചെടുക്കാനുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇക്കാര്യത്തിൽ റവന്യൂ വകുപ്പിന്റെ കാര്യക്ഷതയില്ലാത്ത പ്രവർത്തനമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
കുടിശികയിൽ 4594.82 കോടി രൂപ, കോടതി, അപ്പീൽ അധികാരികൾ, സർക്കാർ തുടങ്ങിയ വിവിധ അധികാരികൾ സ്റ്റേ അനുവദിച്ചതിനാൽ കുടിശിക വരുത്തിയവരിൽ നിന്ന് തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അനാവശ്യമായ സർക്കാർ സ്റ്റേകൾ അനുവദിക്കുന്നതിൽ നിയമസാധുതയില്ലായ്മയെക്കുറിച്ച് ഹൈക്കോടതി വിവിധ വിധിന്യായങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്ന കാര്യവും എ.ജി റിപ്പോർട്ടിൽ അടിവരയിട്ടു.
എന്നാൽ, റവന്യൂ റിക്കവറി നടപടികൾ പുനരാരംഭിക്കുന്നതിനും സർക്കാരിന്റെ താൽപര്യം കണക്കിലെടുത്ത് റവന്യൂ കുടിശിക പിരിച്ചെടുക്കുന്നതിന് സ്റ്റേ ഒഴിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട റവന്യൂ അധികാരികൾക്ക് നൽകിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയിപ്പെടുത്തിയിട്ടും ഓഡിറ്റിന് റവന്യൂ വകുപ്പ് മറുപടി നൽകിയില്ല.
1968-ലെ കേരള റവന്യൂ റിക്കവറി ആക്ടിന്റെ വകുപ്പ് (അഞ്ച് ) പ്രകാരം ലാൻഡ് റവന്യൂ, റവന്യൂ റിക്കവറി കുടിശികകൾ പിരിച്ചെടുക്കാനുള്ള വ്യവസ്ഥകളുണ്ട്. അത്തരം കുടിശിക, പലിശ സഹിതം പിരിച്ചെടുക്കണമെന്നാണ് വ്യവസ്ഥ. കുടിശിക വരുത്തുന്നയാളുടെ ജംഗമ വസ്തുവിന്റെ ഏറ്റെടുത്ത് വിൽപ്പന നടത്തണം, അതുപോലെ കുടിശിക വരുത്തുന്നയാളുടെ സ്ഥാവര സ്വത്ത് ഏറ്റെടുത്ത് വിൽപ്പനയിലൂടെ പണം കണ്ടെത്താം. സ്ഥാവര സ്വത്തുക്കളുടെ മാനേജ്മെന്റിനായി ഒരു ഏജന്റിനെ നിയമിക്കാം.
കുടിശിക വരുത്തുന്നയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ തടങ്കലിൽ വയ്ക്കാം. ഇത്തരം നിയമ നടപടികൾ സ്വീകരിക്കാനും റവന്യൂ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കോടികൾ കുടിശിക പരിക്കാനുള്ളത് വെളിപ്പെടുത്തുന്നത്. ധനമന്ത്രി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് പറയുമ്പോഴും ഇത്തരം കാര്യങ്ങളിൽ ഊർജിതമായ നടപടി സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.