തോക്ക് ലൈസൻസ് ആവശ്യപ്പെട്ട് 820 പേർ
text_fieldsകൊച്ചി: തോക്ക് ലൈസൻസ് ആവശ്യപ്പെട്ട് വനംവകുപ്പിനെ ഒരുവർഷത്തിനിടെ സമീപിച്ചത് 820 അപേക്ഷകർ. ഇതിൽ 326പേർക്ക് അനുകൂലമായ റിപ്പോർട്ട് വനംവകുപ്പ് നൽകിയിട്ടുണ്ട്. വ്യത്യസ്ത തലങ്ങളിലുള്ള അന്വേഷണങ്ങൾക്കുശേഷം കലക്ടർമാരാണ് ലൈസൻസ് അനുവദിക്കുക.
പ്രധാനമായും സ്പോർട്സ് ആവശ്യങ്ങൾ, വിമുക്ത ഭടന്മാർക്ക് സെക്യൂരിറ്റി ജോലി ചെയ്യുന്നതിനും സ്വയരക്ഷക്കും കാർഷിക വിളകളുടെ സംരക്ഷണാർഥവും എന്നിവക്കാണ് തോക്ക് ലൈസൻസ് നൽകുന്നതിന് വനംവകുപ്പിന്റെ നിരാക്ഷേപപത്രം കലക്ടർമാർ ആവശ്യപ്പെടുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമം സെഷൻ 34 പ്രകാരം വന്യജീവി സങ്കേതത്തിൽനിന്ന് 10 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ താമസിക്കുന്നവർ അപേക്ഷിച്ചാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മുൻകൂർ അനുമതി കരസ്ഥമാക്കിയശേഷം മാത്രമേ ലൈസൻസ് അനുവദിക്കാവൂ.
കഴിഞ്ഞ ഒരുവർഷത്തിനിടെ വനംവകുപ്പ് ഏറ്റവും കൂടുതൽ അനുകൂല റിപ്പോർട്ട് നൽകിയത് കോഴിക്കോട് ജില്ലയിലാണ്. 59പേർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള റിപ്പോർട്ടാണ് ഇവിടെ നൽകിയത്. കാസർകോട് ജില്ലയിൽ ഒരാൾക്ക് മാത്രമേ അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടുള്ളൂ. പാലക്കാട് -48, മലപ്പുറം -42, എറണാകുളം - 40, തൃശൂർ -35, കോട്ടയം -32, പത്തനംതിട്ട -30, വയനാട് -27, തിരുവനന്തപുരം -16, ഇടുക്കി -12, കണ്ണൂർ -10, ആലപ്പുഴ -ഏഴ്, കൊല്ലം -അഞ്ച് എന്നിങ്ങനെയാണ് അനുകൂല റിപ്പോർട്ട് നൽകിയത്.
വനംവകുപ്പിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ലൈസൻസിനുള്ള തുടർനടപടി സ്വീകരിക്കുന്നത് കലക്ടർമാരാണ്. എന്നാൽ, ഇത്തരത്തിൽ നൽകുന്ന ലൈസൻസികളുടെ വിശദാംശങ്ങൾ എല്ലാ കലക്ടർമാരും വനംവകുപ്പിൽ ലഭ്യമാക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെടിവെച്ചുകൊല്ലണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നിരവധി ആളുകൾ കാട്ടുപന്നികളിൽനിന്ന് കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് തോക്ക് ലൈസൻസിന് അപേക്ഷ സമർപ്പിച്ചതായി വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.