കേരള പൊലീസിൽ 828 ക്രിമിനൽ കേസ് പ്രതികൾ; പോക്സോ, കൊലപാതക കേസ് പ്രതികളുമുണ്ടെന്ന് സർക്കാർ
text_fieldsരാത്രിയിൽ പഴക്കടയിൽനിന്നും സ്കൂട്ടറിലെത്തി മാങ്ങ കവരുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൊണ്ടിമുതൽ മറിച്ചുവിൽക്കുക, മോഷണമുതൽ മോഷ്ടിക്കുക, തട്ടിപ്പ് തുടങ്ങിയ കേസുകളിലും അടുത്തിടെ കേരളത്തിൽ നിരവധി പൊലീസുകാർ കുടുങ്ങിയിരുന്നു. ഇപ്പോൾ പൊലീസുകാരിലെ ക്രിമിനൽ കേസ് പ്രതികളുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ വിവിധ കേസുകളിൽ പ്രതികളായിട്ടുള്ള 828 പൊലീസുകാരിൽ പോക്സോ, കൊലപാതകക്കേസ് പ്രതികളുമുണ്ടെന്ന് സർക്കാർ അറിയിച്ചു. ഡിവൈ.എസ്.പി.മുതൽ താഴോട്ടുള്ളവർ ക്രിമിനൽ കേസ് പ്രതികളിൽ ഉണ്ട്. ഇതിൽ ഏറ്റവും കൂടുതൽപേർ തലസ്ഥാന ജില്ലയിൽനിന്നാണെന്നും കണക്കുകൾ തെളിയിക്കുന്നു.
സംസ്ഥാനത്ത് 55,000 പൊലീസുകാരുണ്ട്. ആറുവർഷത്തെ കണക്കാണ് സർക്കാർ കഴിഞ്ഞദിവസം പുറത്തുവിട്ടത്. കോടതി എഫ്.ഐ.ആർ റദ്ദാക്കിയതും പ്രതികൾ മരിച്ചതും ഒഴികെയുള്ള കേസുകളിൽ നടപടി തുടരുന്നുണ്ട്. 14 പേരെ കോടതി ശിക്ഷിച്ചു. പ്രതികളിൽ കൂടുതലും സിവിൽ പൊലീസ് ഓഫീസർമാരാണ്. ഒരു ഡിവൈ.എസ്.പി.യുടെ പേരിലും ക്രിമിനൽ കേസുണ്ട്. തിരുവനന്തപുരത്ത് സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 118 പേരാണ് ക്രിമിനൽ കേസിൽ പ്രതികൾ. എറണാകുളത്ത് 97, കോഴിക്കോട്ട് 63, ആലപ്പുഴയിൽ 99 എന്നിങ്ങനെയാണ് കണക്ക്. തിരുവനന്തപുരത്തുനിന്നുള്ള ഉദ്യോഗസ്ഥരിൽ കൊലപാതകക്കേസ് പ്രതിയുമുണ്ട്. 32 പൊലീസുകാരെ ക്രിമിനൽ കേസുകളിൽനിന്ന് കുറ്റമുക്തരാക്കി. 30 എഫ്.ഐ.ആറുകൾ കോടതി റദ്ദാക്കിയിട്ടുമുണ്ട്. 89 കേസുകൾ അന്വേഷണഘട്ടത്തിലാണ്. പൊലീസുദ്യോഗസ്ഥർ പ്രതികളായ 23 പോക്സോ കേസുകളും ഈ കാലയളവിൽ രജിസ്റ്റർചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.