മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്
text_fieldsകോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മറ്റി 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 841 കോടിയുടെ ബജറ്റ് പാസാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേർന്ന യോഗത്തിൽ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനാണ് അവതരിപ്പിച്ചത്. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ പ്രാര്‍ത്ഥനാപൂര്‍വ്വം നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.
ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ജൈവ വ്യവസ്ഥയുടെ പുനസ്ഥാപനം ഏറ്റെടുത്തു കൊണ്ട് സഭയുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ സുസ്ഥിരമായ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി പ്രോത്സാഹിപ്പിക്കും. പരുമല തിരുമേനിയുടെയും മാര്‍ ബസേലിയോസ് യല്‍ദോ ബാവായുടെയും പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഒരു വര്‍ഷം നിണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 2021 നവംബറില്‍ നടത്തും.
കോവിഡ് മൂലം മരിക്കുന്ന സഭാംഗങ്ങളുടെ കുടുംബങ്ങളെ സഹായിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. ആതുരശുശ്രൂഷ രംഗത്തേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം അലവന്‍സിനായി 15 ലക്ഷം രൂപ വകയിരുത്തി.
ഡയാലിസിസ് പദ്ധതിയായ 'സഹായ ഹസ്ത'ത്തിന് 40 ലക്ഷം വകയിരുത്തി. സഭയിലെ അര്‍ഹരായ വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനായി 25 ലക്ഷം രൂപ. നിര്‍ധന രോഗികള്‍ക്ക് ജാതിമത ഭേദമന്യേ ചികിത്സാസഹായവും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവും നല്‍കുന്നതിന് തുക വകയിരുത്തി. ഭവന നിര്‍മ്മാണം, വിവാഹ സഹായത്തിനുമായി തുക അനുവദിച്ചു. അടിയന്തര പ്രകൃതി ദുരന്ത നിവാരണത്തിനും തുക നീക്കിവച്ചു.
കശ്മീരില്‍ പാക്കിസ്താന്റെ ഷെല്ലാക്രമത്തില്‍ വീരമൃത്യു വരിച്ച നായക് അനീഷ് തോമസിനോടുളള ആദര സൂചകമായി മകൾ എമിലി ഇശോയുടെ പേരില്‍ സ്ഥിര നിക്ഷേപം. രാജ്യത്തിന്‍റെ നട്ടെല്ലായ കര്‍ഷകരെ ആദരിക്കുന്നതിനായി തുക വകയിരുത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പളളികളുടെ പുനര്‍നിര്‍മ്മാണത്തിനും കാതോലിക്കേറ്റ് സെന്‍ററുകള്‍ നിര്‍മ്മിക്കുന്നതിനും തുക നീക്കിവച്ചു.
സഭാ വക പുരയിടങ്ങളില്‍ പരിസ്ഥിതി കമ്മീഷന്‍റെ സഹായത്തോടെ ഹൈബ്രിഡ് ഫലവൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിന് തുക വകയിരുത്തി. പാമ്പാടി ദയറായില്‍ 'മിനി നേച്ചര്‍ പാര്‍ക്ക്' സ്ഥാപിക്കുന്നതിനും തുക അനുവദിച്ചു. സഭയ്ക്കുളള ദേവാലയങ്ങളും സ്ഥാപനങ്ങളും സേവനങ്ങളും വിവരങ്ങളും അടയാളപ്പെടുത്തുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രമീകരിക്കുന്നതിനായി തുക അനുവദിച്ചു. 'പൈതൃകം - മലങ്കര സഭാ സാഹിതീ സരണീ' പ്രസിദ്ധീകരണത്തിനും ബജറ്റില്‍ തുക നീക്കിവച്ചു.
വര്‍ക്കിംഗ് കമ്മറ്റിയംഗം ഫാ. പുന്നക്കൊമ്പില്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ, മുന്‍ അല്‍മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായിരുന്ന ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജേക്കബ് സ്‌കറിയാ, ഫാ. ജോണ്‍ ഫിലിപ്പ്, ജേക്കബ് ഉമ്മന്‍, ഡോ. കെ.പി. ജോണി, സി.വി. ജേക്കബ് നെച്ചൂപ്പാടം, കെ.ജി. ജോയിക്കുട്ടി, എ.സി. ഐപ്പ്, വി.സി. കുര്യന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.