നിയമനാംഗീകാരം ലഭിക്കാതെ 8565 എയ്ഡഡ് അധ്യാപകർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിയമനാംഗീകാരം ലഭിക്കാതെ ഇപ്പോഴും 8565 എയ്ഡഡ് സ്കൂൾ അധ്യാപകർ. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയെ തുടർന്നാണ് 2018 സെപ്റ്റംബർ മുതലുള്ള എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാംഗീകാരം തടസ്സപ്പെട്ടത്.
കേസിൽ പിന്നീട് ഇടക്കാല വിധി വന്നതിനെ തുടർന്ന് നിയമനാംഗീകാരം നൽകാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും സർക്കുലറുകളും ഫലം കണ്ടില്ല. എട്ട് മാസം മുമ്പ് പുറത്തുവന്ന കണക്കുകൾ പ്രകാരം 9900ലധികം എയ്ഡഡ് അധ്യാപക നിയമനങ്ങൾക്കാണ് അംഗീകാരം ലഭിക്കാനുണ്ടായിരുന്നത്. സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടും വിദ്യാഭ്യാസ ഓഫിസർമാർ നിയമനാംഗീകാരം തടയുന്നുവെന്നാണ് പരാതി. ഏറ്റവും കൂടുതൽ പേർക്ക് നിയമനാംഗീകാരം ലഭിക്കാനുള്ളത് കോഴിക്കോട് ജില്ലയിലാണ് -1088 പേർ. കുറവ് വയനാട്ടിൽ -301. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള വിധി വന്നശേഷം സംസ്ഥാനത്ത് ഈ വിഭാഗത്തിൽ 168 അധ്യാപക നിയമനങ്ങളാണ് നടന്നത്.
എൽ.പിയിൽ 60ഉം യു.പിയിൽ 57ഉം ഹൈസ്കൂളിൽ 21ഉം ഹയർ സെക്കൻഡറിയിൽ 24ഉം നിയമനങ്ങൾ. 2789 എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളാണ് ഭിന്നശേഷി സംവരണ നടപടി സ്വീകരിച്ചത്. ഭിന്നശേഷി നിയമനത്തിന് നടപടി സ്വീകരിക്കാത്ത മാനേജ്മെൻറുകൾക്കെതിരെ നടപടി തുടങ്ങി. ഭിന്നശേഷി നിയമനത്തിന് ആവശ്യമായ ഉദ്യോഗാർഥികളെ അനുവദിക്കേണ്ടത് എംപ്ലോയ്മെൻറ് ഓഫിസുകളാണ്. യോഗ്യരായവരുടെ കുറവും നിയമനം കുറയാൻ കാരണമാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.