ബാലികയെ നാല് വർഷം പീഡിപ്പിച്ച കേസിൽ 86 വർഷം കഠിനതടവ്
text_fieldsതിരുവനന്തപുരം: ഒമ്പത് വയസ്സുകാരിയെ നാല് വർഷം നിരന്തരമായി പീഡിപ്പിച്ച കേസിൽ കുടപ്പനക്കുന്ന് ഹാർവിപുരം സ്വദേശി ലാത്തി രതീഷെന്ന രതീഷ് കുമാറിന് (41) 86 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകാനും അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ വിധിച്ചു.
നിരന്തര പീഡനമായിരുന്നെങ്കിലും പ്രതിയുടെ ക്രിമിനൽ സ്വഭാവം ഭയന്ന് കുട്ടി പുറത്തുപറയാൻ മടിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യസ്ഥാപനത്തിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞുവിട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. പിടിക്കപ്പെട്ടപ്പോൾ രതീഷ് പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തതെന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട് വെളിപ്പെടുത്തി. ഇവർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പീഡനം വ്യക്തമായത്.
രതീഷ് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്നതിനുമാണ് കടുത്തശിക്ഷ തന്നെ നൽകുന്നതെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ വി. സൈജുനാഥ്, എസ്ഐ. സഞ്ജു ജോസഫ് എന്നിവരാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.