നവകേരള സദസ്സിന് 86,926 രൂപ;ചാവക്കാട് നഗരസഭ യോഗത്തിൽ ബഹളം
text_fieldsചാവക്കാട്: നഗരസഭയിൽ നിന്ന് നവകേരള സദസ്സിന് നൽകിയത് 86,926 രൂപ. തുക അനുവദിക്കാൻ ചെയർപേഴ്സൻ മുൻകൂർ അനുമതി നൽകിയതിനെതിരെ കൗൺസിലിൽ ബഹളം. വിഷയത്തെ ചൊല്ലി യു.ഡി.എഫ് അംഗങ്ങൾ നഗരസഭ സെക്രട്ടറിയുമായി വാക്കേറ്റം നടത്തി. നഗരസഭ സെക്രട്ടറിയുൾപ്പടെ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് അജണ്ട വലിച്ചുകീറി.
കഴിഞ്ഞ മാസം 18നാണ് തുക നൽകാൻ ചെയർപേഴ്സൻ മുൻകൂർ അനുമതി നൽകിയത്. എന്നാൽ ഈ തീരുമാനം ചട്ടപ്രകാരം അടുത്ത യോഗത്തിൽ ചർച്ച ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യാതെ തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനത്തിനായി അജണ്ട വെച്ചത്. ചെയർപേഴ്സൻ ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ച കോൺഗ്രസിലെ കെ.വി. സത്താർ വിഷയത്തിൽ സെക്രട്ടറി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ഇതിനിടയിൽ ജീവനക്കാരൻ അടുത്ത അജണ്ട വായിക്കാൻ തുടങ്ങിയപ്പോഴാണ് സത്താർ അജണ്ട വാങ്ങി വലിച്ചുകീറിയത്. ഇതോടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ചെയർപേഴ്സൻ അജണ്ടകൾ അംഗീകരിച്ചു. അതിനുശേഷം നവകേരള സദസ്സിന് പണം അനുവദിച്ചതിനെ ചൊല്ലി സെക്രട്ടറി എ.എസ്. ആകാശും യു.ഡി.എഫ് അംഗങ്ങളും തമ്മിൽ വാക്കേറ്റമായി. കൗൺസിൽ യോഗം നിയന്ത്രിക്കുന്ന ചെയർപേഴ്സനും നഗരസഭയെ നിയന്ത്രിക്കുന്ന സെക്രട്ടറിയും മോശം രീതിയിലാണ് യു.ഡി.എഫ് കൗൺസിലർമാരോട് പെരുമാറിയതെന്നും കെ.വി. സത്താർ ആരോപിച്ചു.
അതേസമയം യു.ഡി.എഫ് അംഗങ്ങൾ അനാവശ്യമായി കൗൺസിൽ നടപടി തടസ്സപ്പെടുത്തിയതായും സെക്രട്ടറിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ചെയർപേഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു. ക്ലർക്കിന്റെ കൈയിൽനിന്ന് അജണ്ട വലിച്ചെടുത്ത് കീറിക്കളഞ്ഞു. സർക്കാർ ഉത്തരവുപ്രകാരം നവകേരള സദസ്സിന്റെ ചെലവിനായി ലക്ഷം രൂപ വരെ നൽകാം. ചെയർപേഴ്സൻ എന്ന നിലയിൽ മുൻകൂർ അനുമതി നൽകിയിട്ടുണ്ടെന്നും ഇപ്പോൾ ബില്ലുകൾ ലഭിച്ച സാഹചര്യത്തിൽ 86,926 രൂപ അനുവദിച്ചതിന്റെ പേരിലാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതെന്നും ചെയർപേഴ്സൻ പറഞ്ഞു.
നവകേരള സദസ്സിന് പണം നൽകിയതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി. കെ.വി. സത്താറിന്റെ നേതൃത്വത്തിൽ പി.കെ. കബീർ, ഫൈസൽ കാനാമ്പുള്ളി, ബേബി ഫ്രാൻസിസ്, സുപ്രിയ രാമചന്ദ്രൻ, ജോയ്സി, ഷാഹിദ പേള തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.