സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 88 പേർ
text_fieldsപാലക്കാട്: സംസ്ഥാനത്ത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിന്റെ സൂചന നൽകി 2020-21ലെ കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. ഇക്കാലയളവിൽ 8017 ആക്രമണങ്ങൾ ഉണ്ടായതായും 88 പേർക്ക് ജീവഹാനി സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ആകെയുള്ള മരണത്തിൽ 52ഉം പാമ്പുകടിയേറ്റാണ്. 27 ആളുകൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏട്ടുപേർ കാട്ടുപന്നിയുടെയും ഒരാൾ കടുവയുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനംവകുപ്പിന്റെ ഈസ്റ്റേൺ സർക്കിളിലാണ് (പാലക്കാട്) ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്, 34. കണ്ണൂർ സർക്കിളിൽ 27ഉം കൊല്ലത്ത് 12ഉം തൃശൂരിൽ 11ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർ 988. ആനയുടെ ആക്രമണത്തിൽ മാത്രം 34 പേർക്കും കാട്ടുപന്നി ആക്രമണത്തിൽ 146 പേർക്കും പരിക്കുപറ്റി. ഇക്കാലളവിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 400 കന്നുകാലികൾ. 141 കാലികളെ കടുവയും 164 കാലികളെ പുലിയും കൊന്നു.
വന്യജീവികൾ കൃഷി നശിപ്പിച്ച 6541 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 2945 സംഭവങ്ങളിലും കൃഷി നശിപ്പിച്ചത് കാട്ടാന. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 2.70 കോടിയും പരിക്കുപറ്റിയവർക്ക് 2.59 കോടിയും കൃഷിനാശത്തിന് 4.61 കോടിയും നഷ്ടപരിഹാരം നൽകി.
വനംവകുപ്പ് ഈയിനത്തിൽ ആകെ നഷ്ടപരിഹാരമായി നൽകിയത് 104.4 കോടി രൂപ. വന്യജീവി ആക്രമണം തടയാൻ വിവിധ വനം ഡിവിഷനുകളിൽ 437.58 കി.മി സൗരോർജ വേലിയും 23.27 കി.മി ട്രെഞ്ചുകളും സ്ഥാപിച്ചതായും റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്ത് 15 റാപിഡ് റെസ്പോൺസ് ടീമുകൾ (ആർ.ആർ.ടി) പ്രവർത്തിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന വന്യജീവി സെൻസസ് പ്രകാരം സംസ്ഥാനത്ത് 5706 കാട്ടാനകളും 190 കടുവകളുമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
വനത്തിൽനിന്ന് വരുമാനം 236.60 കോടി
പാലക്കാട്: സംസ്ഥാനത്തെ വനവിസ്തൃതി 11524.91ചതുരശ്ര കി.മീറ്ററാണെന്ന് കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. ഇതിൽ 1562.04 ചതുരശ്ര കി.മി തോട്ടവും 135.81 ചതുരശ്ര കി.മി ഇ.എഫ്.എൽ ഏരിയയുമാണ്. 9.36 ചതുരശ്ര കി.മി കണ്ടൽകാടുണ്ട്. 2820 ചതുരശ്ര കി.മിയാണ് കേരളത്തിന്റെ ട്രീ കവർ. 236.60 കോടി രൂപയാണ് വനത്തിൽനിന്നും പ്രതിവർഷം സർക്കാറിന് ലഭിക്കുന്ന വരുമാനം.
വന്യജീവി ആക്രണവുമായി ബന്ധപ്പെട്ട് വിവിധ വർഷങ്ങളിൽ വനംവകുപ്പിന് ലഭിച്ച അപേക്ഷകൾ, അനുവദിച്ച നഷ്ടപരിഹാരത്തുക എന്നിവ താഴെ:
●2016 - 6022 - 6.81 കോടി
●2017 - 7765 - 9.63 കോടി
●2018 - 9333 - 10.18 കോടി
●2019 - 8125 - 11.15 കോടി
●2020 - 6859 - 9.30 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.