89ാമത് ശിവഗിരി തീർഥാടനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: 89ാമത് ശിവഗിരി മഹാതീർഥാടനം ഈമാസം 30, 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, ജന.സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, മുൻ മന്ത്രിമാരായ തോമസ് ഐസക്, കെ. ബാബു എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഡിസംബർ 30ന് രാവിലെ ഏഴരക്ക് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. ശിവഗിരി തീർഥാടന മഹാമഹത്തോടനുബന്ധിച്ച് ഈവർഷം 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇത്തവണത്തെ തീർഥാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. ഉദ്ഘാടന ദിവസം ഉച്ചക്ക് 12.30ന് മന്ത്രി വീണ ജോർജിെൻറ അധ്യക്ഷതയിൽ നടക്കുന്ന ആരോഗ്യസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഏഷ്യാഡിലും ഒളിമ്പിക്സിലും ഹർഡിൽസിൽ പങ്കെടുത്ത് 21 പ്രാവശ്യം സ്വർണമെഡൽ കരസ്ഥമാക്കിയ 92 വയസ്സുള്ള ജി. ജോൺ മട്ടയ്ക്കലിനെ സമ്മേളനത്തിൽ ആദരിക്കും. ഉച്ചക്കുശേഷം മൂന്നിന് നടത്തുന്ന കാർഷിക-തൊഴിൽ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വനിത കമീഷൻ അധ്യക്ഷ പി. സതീദേവി മുഖ്യ പ്രഭാഷണം നടത്തും. ശ്രീനാരായണഗുരു സ്ഥാപിച്ച ബ്രഹ്മവിദ്യാലയത്തിെൻറ കനകജൂബിലി പ്രമാണിച്ച് ഇത്തവണ സംഘടിപ്പിച്ചിട്ടുള്ള വിശേഷാൽ സമ്മേളനം വൈകുന്നേരം അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഗുരുദേവെൻറ പ്രഥമശിഷ്യനായ ശിവലിംഗദാസസ്വാമികളുടെ ശിഷ്യൻ സ്വാമി പരമാനന്ദഗിരി അധ്യക്ഷത വഹിക്കും.
31ന് പുലർച്ചെ അഞ്ചിന് തീർഥാടന ഘോഷയാത്ര നടക്കും. 9.30ന് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ചേരുന്ന തീർഥാടക സമ്മേളനം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ. ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വി.എൻ. വാസവൻ, പത്മശ്രീ എം.എ. യൂസഫലി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനെ ചടങ്ങിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.