ഗവർണർ-സർക്കാർ ഭായ് ഭായ്: ബജറ്റ് ഫെബ്രുവരി മൂന്നിന്
text_fieldsപതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
ഇതോടെ, സർക്കാർ - ഗവർണർ തർക്കം അവസാനിച്ചുവെന്ന് വ്യക്തമായി. ഇതിന്റെ ഭാഗമായാണ് ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചത്. സജി ചെറിയാെൻറ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ തീരുമാനിച്ചത്.
ഡിസംബർ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു നേരത്തെയുള്ള തീരുമാനം.
സിപിഎമ്മും ഇടതുമുന്നണിയും ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്ഭവൻ മാർച്ച് ഉൾപ്പെടെ നടന്നു. കഴിഞ്ഞ ദിവസം വരെ ഗവർണറും ഇടതുനേതാക്കളും ആരോപണപ്രത്യാരോപണങ്ങളുമായി വാർത്തകളിൽ നിറഞ്ഞു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.