90 സ്ത്രീധനക്കേസുകൾ; ശിക്ഷിക്കപ്പെട്ടവർ പൂജ്യം; ഈ വർഷമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്
text_fieldsകോഴിക്കോട്: സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ െചയ്യുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുെട എണ്ണം വട്ടപ്പൂജ്യം. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ െചയ്ത കേസുകളിലാണ് ഇതുവരെ ആരും ശിക്ഷിക്കപ്പെടാത്തത്.
2016 മുതൽ 2021 സെപ്റ്റംബർ 30വരെ വിവിധ ജില്ലകളിലായി സ്ത്രീധന നിരോധന നിയമപ്രകാരം 90 കേസുകളാണ് പൊലീസ് രജിസ്റ്റർ െചയ്തത്. ഇതില്‍ 59 കേസുകളുടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഒരു കേസില്‍പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. അതേസമയം, അഞ്ചു കേസുകളില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. സ്ത്രീധന വിഷയത്തിൽ സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും കാമ്പയിനുകൾ തുടരുേമ്പാഴാണ് രജിസ്റ്റർ ചെയ്യുന്ന കേസുകളിലൊന്നിൽപോലും പ്രതികൾ ശിക്ഷിക്കപ്പെടാത്തത് ചർച്ചയാവുന്നത്.
1961ല്‍ പാര്‍ലമെൻറ് പാസാക്കിയ സ്ത്രീധന നിരോധന നിയമത്തിലെ ചില പഴുതുകളാണ് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.അതിനാൽ കടുത്ത വ്യവസ്ഥകളോടെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.
ഈ വർഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീധനക്കേസുകൾ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ വരെയുള്ള 32 കേസുകളിൽ പത്തെണ്ണത്തിൽ പൊലീസ് ഇതിനകം കുറ്റപത്രം സമർപ്പിച്ചു.ഏറ്റവും കുറവ് കേസുകൾ കഴിഞ്ഞവർഷമാണ്. എട്ടു കേസ് രജിസ്റ്റർ ചെയ്തതിൽ ഏഴെണ്ണത്തിലും കുറ്റപത്രമായിട്ടുണ്ട്.
സ്ത്രീധന നിരോധന നിയമപ്രകാരം പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിക്കുന്നതിലെ വീഴ്ചയും വര്‍ഷങ്ങൾ നീളുന്ന വിചാരണ നടപടികളും ഇരകള്‍ക്ക് നീതി ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. സ്ത്രീധനം വാങ്ങുകയോ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവു ലഭിക്കും.
15,000 രൂപ പിഴയും ഈടാക്കാം. പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നതുപോലും ആറു മാസം മുതൽ രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ പ്രോത്സാഹിപ്പിക്കുംവിധം മാധ്യമങ്ങളിൽ പരസ്യമോ വാഗ്ദാനമോ നൽകുന്നവർക്ക് ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവോ 15,000 രൂപ വരെ പിഴയോ ശിക്ഷയും ലഭിക്കും.
വർഷം, സ്ത്രീധനക്കേസുകൾ, കുറ്റപത്രം സമർപ്പിച്ചത്, ശിക്ഷിക്കപ്പെട്ടത് എന്നീ ക്രമത്തിൽ
2016 -13 -12 -0
2017 -17 -16 -0
2018 -9 -5 -0
2019 -11 -9 -0
2020 -8 -7 -0
2021 (സെപ്റ്റംബർ വരെ) -32 -10 -0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.