90 ശതമാനം പരാതികളും മോശമായി പെരുമാറുന്ന പൊലീസിനെക്കുറിച്ച് –ഡി.ജി.പി
text_fieldsഅടൂർ: തെൻറ ഓഫിസിൽ എത്തുന്ന 90 ശതമാനം പരാതികളും മോശമായി പെരുമാറുന്ന പൊലീസിനെക്കുറിച്ചാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ പ്രധാനമാണ്. മാതൃകാപരമായി ജോലി ചെയ്യണം. പൊലീസ് സ്റ്റേഷനുകളിൽ പബ്ലിക് റിലേഷൻസ് ഓഫിസർമാരെ തീരുമാനിക്കണമെന്ന നിർദേശം പലയിടത്തും നടപ്പായില്ല. എല്ലാ ജില്ലകളിലും കമ്പ്യൂട്ടർ മെയിൻറനൻസ് സെൽ ആരംഭിക്കും. എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകളും ആരംഭിക്കും. ശബരിമലയിൽ ഡ്യൂട്ടിനോക്കുന്നവരുടെ താമസസ്ഥലം മെച്ചപ്പെടുത്താൻ അസോസിയേഷെൻറ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച ശേഷം സർവിസിൽ ഇരിക്കുന്ന സമയത്തെ അന്വേഷണത്തിൽ വിവാദമായ ഒരു കാര്യവും പറയാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. മരിക്കുന്നതു വരെ ഭരണഘടനയുടെ കീഴിലാണ് ഇവർ പ്രവർത്തിക്കേണ്ടത്. സർവിസ് കാര്യങ്ങൾ എഴുതുന്നത് ശരിയല്ല. അങ്ങനെ എഴുതുന്നവർക്ക് പെൻഷൻ വാങ്ങാൻ പോലും അർഹതയില്ലെന്നും മന്ത്രി പറഞ്ഞു.
സെൻട്രൽ പൊലീസ് കാൻറീന് ലഭിക്കുന്ന നികുതിയിളവ് പുനഃസ്ഥാപിക്കാനും എട്ടുമണിക്കൂർ ഡ്യൂട്ടി കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ വനിത പൊലീസിെൻറ അംഗസംഖ്യ വർധിപ്പിക്കുക, ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ റീ ഓർഗനൈസേഷൻ നടപ്പാക്കുക, 40 വയസ്സുകഴിഞ്ഞ വനിത പൊലീസുകാരെ പരേഡിൽനിന്ന് ഒഴിവാക്കുക, ഭാര്യയും ഭർത്താവും പൊലീസ് ഉദ്യോഗസ്ഥരായവർക്ക് ഒരേ ജില്ലയിൽ ജോലിചെയ്യാനുള്ള അവസരം സൃഷ്ടിക്കുക, വിധവകളായ പൊലീസ് ഉദ്യോഗസ്ഥർക്ക് അവർ ആവശ്യപ്പെടുന്ന സ്റ്റേഷനുകളിൽ ജോലിചെയ്യാൻ അവസരം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു
ൈക്രംബ്രാഞ്ച് ഐ.ജി ഇ.ജെ. ജയരാജൻ, ജില്ല പൊലീസ് മേധാവി സതീഷ് ബിനോ, കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.