തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നൽകാത്ത 9016 സ്ഥാനാർഥികളെ അയോഗ്യരാക്കി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ ചെലവ് കണക്ക് നൽകാതിരുന്ന 9016 സ്ഥാനാർഥികളെ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ ഉത്തരവായി. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാതിരിക്കുകയോ പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ ചെയ്തവരെയാണ് അയോഗ്യരാക്കിയത്. ആഗസ്റ്റ് 23മുതൽ അഞ്ചു വർഷത്തേക്കാണ് അയോഗ്യത. തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനോ സ്ഥാനാർഥികളായി മത്സരിക്കുന്നതിനോ അയോഗ്യതയുണ്ടാകും.
അയോഗ്യരാക്കിയ 436 പേർ കോർപറേഷനുകളിലേക്കും, 1266 പേർ മുനിസിപ്പാലിറ്റികളിലേക്കും 71 പേർ ജില്ല പഞ്ചായത്തുകളിലേക്കും 590 പേർ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653 പേർ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചിരുന്നത്. ഇവരുടെ പേരുവിവരം https://www.sec.kerala.gov.in/ സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് നൽകണമെന്നാണ് വ്യവസ്ഥ. വീഴ്ച വരുത്തിയവർക്കും പരിധിയിൽ കൂടുതൽ ചെലവഴിച്ചവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. ചെലവ് കണക്കോ കാരണമോ ബോധിപ്പിക്കാത്തവരുടെ കരട് ലിസ്റ്റ് ജൂലൈ അഞ്ചിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിഗണിച്ചാണ് വീഴ്ച വരുത്തിയവരെ അയോഗ്യരാക്കിയത്. മട്ടന്നൂർ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ 2020 ഡിസംബറിലാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. 21,865 വാർഡുകളിലായി ആകെ 74,835 സ്ഥാനാർഥികളാണ് മത്സരിച്ചത്.അയോഗ്യരാക്കപ്പെട്ടവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നില്ലെന്നും അഞ്ചു വർഷത്തേക്ക് മത്സരിക്കുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.