പൊലീസ് ഭവനനിർമാണ കോർപറേഷന് വീണ്ടും 96 കോടി; സേനയിലും എതിർപ്പ്
text_fieldsകാസർകോട്: നിർമാണ സാമഗ്രികൾ ഒന്നുമില്ലാത്ത, ടെൻഡർ വിളിച്ച് നിയമവിരുദ്ധമായി സബ് കരാർ നൽകുന്ന കേരള പൊലീസ് ഭവനനിർമാണ കോർപറേഷന് 96 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്. ഇതിൽ 46 കോടി ഉടൻ അനുവദിക്കാനും ഈ മാസം 19ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. സ്വന്തമായി ഒരു കെട്ടുകമ്പി പോലുമില്ലാത്ത കോർപറേഷൻ പ്രവൃത്തി ഏറ്റെടുത്ത് നിയമവിരുദ്ധമായി സ്വകാര്യവ്യക്തികൾക്ക് കൈമാറുന്നതിനെതിരെ സേനക്ക് അകത്ത് വൻ എതിർപ്പാണുള്ളത്. ആഭ്യന്തര വകുപ്പിന് കെട്ടിടങ്ങൾ നിർമിക്കാൻ തുടങ്ങിയ കോർപറേഷൻ ടെൻഡർ വിളിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സമാന്തര പൊതുമരാമത്ത് വകുപ്പായി മാറിയെന്ന് ഉദ്യോഗസ്ഥരടക്കം പറയുന്നു. ടെൻഡർ വിളിച്ച് ഏതു വകുപ്പിന്റെയും കെട്ടിടങ്ങൾ നിർമിച്ചുകൊടുക്കുകയാണ്.
പൊതുമരാമത്ത് എസ്റ്റിമേറ്റിന്റെ ഇരട്ടിയോളം തുക കണക്കാക്കി നടത്തുന്ന നിർമാണം നിയന്ത്രിക്കുന്നത് പ്രത്യേക ലോബിയാണ്. പൊലീസ് നിയന്ത്രണത്തിലായതിനാൽ പരാതി ഉന്നയിക്കാനാളില്ല. കോടികൾ മറിയുന്നതിനനുസരിച്ച്, സർക്കാർ കെട്ടിടങ്ങൾ മുതൽ ‘ആനക്ക് വേലികെട്ടുന്നതു’വരെ ഈ കോർപറേഷൻ നിർവഹിക്കുകയാണ്. ഓരോ ജില്ലയിലും പതിവായി ടെൻഡർ ലഭിക്കുന്നത് ഒരേ സംഘത്തിനാണെന്ന ആരോപണവുമുണ്ട്. വിജിലൻസ് അന്വേഷണത്തിൽനിന്ന് രക്ഷനേടാൻ പൊലീസിനെക്കൊണ്ടുതന്നെ കെട്ടിടം നിർമിക്കുകയെന്നതിലേക്ക് മറ്റു സർക്കാർ സ്ഥാപന മേധാവികളും നീങ്ങുകയാണ്. നവംബർ ഒന്നിന് നിരവധി കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ഇതിൽ കാസർകോട് പൊലീസ് കൺട്രോൾ റൂം ഒരു കോടിയോളം രൂപ ചെലവിൽ നിർമിച്ചതാണ്. 40 ലക്ഷത്തിൽ താഴെ മാത്രം എസ്റ്റിമേറ്റിടാവുന്ന പ്രവൃത്തിയാണിത്.
പൊലീസ് സ്റ്റേഷനുകളിലെ ചൈൽഡ് പൊലീസ് സംവിധാനം മറ്റൊരു നിർമാണ തട്ടിപ്പാണ്. 400 ച. അടിയോളം വരുന്ന ഈ സംവിധാനം മൂന്നുലക്ഷം രൂപക്ക് ചെയ്യാവുന്ന പ്രവൃത്തിയാണ്. ഇതിന് 10 ലക്ഷത്തിൽപരം രൂപയുടെ എസ്റ്റിമേറ്റാണിട്ടത്. വൻ സാമ്പത്തിക തട്ടിപ്പാണ് ഈ കടലാസ് കോർപറേഷൻ വഴി നടക്കുന്നതെന്നാണ് ആക്ഷേപം. 1990ൽ പൊലീസ് കെട്ടിടങ്ങളുടെ നിർമാണത്തിനായി 10 കോടി രൂപ മൂലധനത്തോടെയാണ് കോർപറേഷൻ ലിമിറ്റഡ് രൂപവത്കരിച്ചത്. ഓരോ പദ്ധതികളുടെ ചെലവിന്റെയും 25 ശതാനം ബജറ്റിലൂടെ ലഭിക്കും. ബാക്കി 75 ശതമാനം തുക സർക്കാർ ഗാരന്റിയിൽ ബാങ്കുകൾ വായ്പ നൽകും. ഡി.ജി.പിമാരായിരുന്നു കോർപറേഷൻ സി.എം.ഡിയായി ഉണ്ടായിരുന്നത്. നിർമാണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്ന വഴിവിട്ട പണിയായതിനാൽ ഡി.ജി.പിമാർ നവാഗത ഐ.പി.എസുകാരെ വെച്ച് പിൻസീറ്റ് ഡ്രൈവിങ് നടത്തി പണമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.