ചൂര, വാള, അയല, മത്തി; അഞ്ചുതെങ്ങിൽനിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത് 9600 കിലോ പഴകിയ മത്സ്യം
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങിൽനിന്ന് 9600 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മൂന്ന് കണ്ടെയ്നർ മത്സ്യമാണ് നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പോസ്റ്റ് ഓഫിസിന് എതിർവശം പ്രവർത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ മത്സ്യലേല ചന്തയിൽനിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തത്. ഓപറേഷൻ മത്സ്യയുടെ ഭാഗമായായിരുന്നു പരിശോധന.
അഞ്ചുതെങ്ങ് സ്വദേശികൾ വാങ്ങിയ മത്സ്യങ്ങളിൽ പുഴു കണ്ടതായി പരാതി ഉയർന്നിരുന്നു. തുടർന്നായിരുന്നു പരിശോധന. മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്തവിധം പഴകിയതാണെന്ന് കണ്ടെത്തി. തുടർന്ന് ഇവ നശിപ്പിച്ചു. പഞ്ചായത്ത് ഓഫിസിന് എതിർവശത്ത് എക്സ്കവേറ്റർ ഉപയോഗിച്ച് വലിയ കുഴികൾ എടുത്താണ് പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചത്. വലിയതോതിലുള്ള മാംസ്യമാലിന്യമായതിനാൽ ഇവ അഴുകി ദുർഗന്ധം വമിക്കാൻ സാധ്യതയുണ്ട്. ഇത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു.
ചൂര, കൊഴിയാള, വാള, നെത്തോലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളാണ് മൂന്ന് കണ്ടെയ്നർ വാഹനങ്ങളിൽനിന്ന് പിടിച്ചെടുത്തത്. രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.