സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭൂമി നൽകുക ലക്ഷ്യം-മന്ത്രി കെ. രാജൻ
text_fieldsഅഗളി: സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭൂമി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ. അഗളിയിൽ അട്ടപ്പാടി ട്രൈബൽ താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് റവന്യൂ വകുപ്പിന്റെ പ്രഖ്യാപനം.
സംസ്ഥാനത്ത് കൂടുതൽ പട്ടയം നൽകിയ ജില്ലയാണ് പാലക്കാട്. പട്ടയമേളയിൽ മണ്ണാർക്കാട് താലൂക്കിലെ 19 വില്ലേജുകളിലെ 984 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും അട്ടപ്പാടി താലൂക്കിലെ 115 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും വിതരണം ചെയ്തു. ഇതിൽ പട്ടികവർഗ വിഭാഗത്തിൽപെട്ട ആറ് പേർക്കായി 13 ഏക്കറിലധികം ഭൂമിക്കും പട്ടയം നൽകി. ഇതിനു പുറമെ 10 പേർക്ക് നാല് സെന്റ് കോളനി പട്ടയവും നൽകി. വനാവകാശ നിയമപ്രകാരം 42 പട്ടികവർഗക്കാർക്ക് വ്യക്തിഗത കൈവശരേഖയും 34 പേർക്ക് സാമൂഹിക കൈവശാവകാശ രേഖയും നൽകി. കമ്യൂണിറ്റി ഫോറസ്റ്റ് റൈറ്റിൽ (ആദിവാസികൾക്ക് വനവിഭവങ്ങൾ വനത്തിൽ നിന്ന് ശേഖരിക്കുവാനുൾപ്പടെ അവകാശം നൽകുന്ന പദ്ധതി ) 37 കമ്യൂണിറ്റികൾക്കായി 27,150 ഏക്കർ ഭൂമിയുടെ പട്ടയം വിതരണം ചെയ്തു. 44 പേർക്ക് 162.26 ഏക്കറിൽ ആർ.ഒ.ആർ നൽകി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. എസ് ചിത്ര, സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.