കിട്ടാനുള്ളത് 996 കോടി; ഒടുവിൽ കെ.എസ്.ഇ.ബിക്ക് 100 കോടി അനുവദിച്ച് സർക്കാർ
text_fieldsതൃശൂർ: ജല അതോറിറ്റിയിൽനിന്ന് കിട്ടാനുള്ള 996.9 കോടി രൂപയിൽനിന്ന് 100 കോടി രൂപ സർക്കാർ കെ.എസ്.ഇ.ബിക്ക് അനുവദിച്ചു. 2018 സെപ്റ്റംബർ 30ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനപ്രകാരം സർക്കാർ കൈമാറാമെന്നേറ്റ 331.67 കോടി രൂപയിൽനിന്നുള്ള ആദ്യഘട്ട വിഹിതമാണ് അനുവദിച്ചതെന്ന് ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഉത്തരവിൽ അറിയിച്ചു.
2018 സെപ്റ്റംബർ 30 വരെ വൈദ്യുതി ചാർജ് കുടിശ്ശിക 1362.69 കോടിയെത്തിയപ്പോഴാണ് നാലുവർഷംകൊണ്ട് ബജറ്റിൽ ഉൾപ്പെടുത്തി മുഴുവൻ തുക അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. 2019 -20 വർഷം മുതൽ നാല് ഗഡുക്കളായി പ്രതിവർഷം 331.67 കോടി രൂപ നൽകണമെന്നായിരുന്നു തീരുമാനം. വെള്ളക്കരമായി പ്രാദേശിക സർക്കാറുകൾ ജല അതോറിറ്റിക്ക് നൽകാനുള്ള കുടിശ്ശിക അതത് പ്രാദേശിക സർക്കാറുകളുടെ ഫണ്ടിൽനിന്ന് തിരിച്ചുപിടിച്ച് ജല അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ അന്ന് ഉത്തരവിട്ടിരുന്നു. ഈ തുക വകമാറ്റാതെ കെ.എസ്.ഇ.ബിക്ക് നൽകണമെന്നും പ്രത്യേകം നിർദേശിച്ചിരുന്നു. എന്നാൽ, ഈ നടപടികൾ പൂർണമായും പാലിക്കപ്പെട്ടില്ല. അതേസമയം, തദ്ദേശസ്ഥാപനങ്ങളിൽനിന്ന് കുടിശ്ശിക വിഹിതം ഭാഗികമായെങ്കിലും സർക്കാർ കൈപ്പറ്റുകയും ചെയ്തു.
പല ഗഡുക്കളും കെ.എസ്.ഇ.ബിയിൽ എത്തിയതുമില്ല. ഒടുവിൽ മുൻ ചെയർമാൻ ബി. അശോകാണ് തുക അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ പെൻഷൻ മുടങ്ങുമെന്നറിയിച്ച് ഫിനാൻസ് ഡയറക്ടർ മുഖേന സർക്കാറിന് കത്തയച്ചത്. നിരന്തര സമ്മർദത്തെത്തുടർന്ന് ഈ കത്ത് പരിഗണിച്ച് തുക അനുവദിക്കുകയും ചെയ്തു. 2021 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ 2771 കോടി രൂപയാണ് ബോർഡിന് പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ ജല അതോറിറ്റി കുടിശ്ശിക 996.9 കോടിയും സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1020.74 കോടിയുമാണ്. പക്ഷേ, മൊത്തം കുടിശ്ശികയിൽ 430.49 കോടിക്ക് കോടതി സ്റ്റേ നൽകിയിട്ടുണ്ട്.
അതേസമയം, പദ്ധതി നിർവഹണത്തിന് 2016 മുതൽ 2021 വരെ തദ്ദേശസ്ഥാപനങ്ങൾ നൽകിയ 219.85 കോടി രൂപ കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും വിനിയോഗിച്ചില്ലെന്നും നിക്ഷേപം നടത്തിയ പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ പണം പലിശ സഹിതം തിരികെ നൽകണമെന്നും തദ്ദേശ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നിർവഹണത്തിൽ കൂടുതൽ വീഴ്ച വരുത്തിയത് ജല അതോറിറ്റിയാണ്. 10,815 പദ്ധതികൾ നടപ്പാക്കിയില്ല. വൈദ്യുതി ബോർഡ് 35.42 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയിട്ടില്ല. പദ്ധതിത്തുക ചെലവഴിക്കൽ നൂറു ശതമാനമാക്കുന്നതിന്‍റെ ഭാഗമായാണ് കെ.എസ്.ഇ.ബി, ജല അതോറിറ്റി ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ തദ്ദേശ വകുപ്പ് നിക്ഷേപം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.