കടന്നൽ കുത്തേറ്റ് 108 കാരിയും മകളും മരിച്ചു
text_fieldsമുണ്ടക്കയം: കടന്നൽ കുത്തേറ്റ് മലയരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്ന 108 കാരിയും മകളും മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (108), മകൾ തങ്കമ്മ (82) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് സമീപത്തുവെച്ചാണ് കാട്ടുകുളവിയുടെ (കടന്നൽ) ആക്രമണം ഉണ്ടായത്. വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോട് ചേർന്നുള്ള കുരുമുളക് വള്ളിയിലുണ്ടായിരുന്ന കടന്നൽക്കൂട്ടിൽ നിന്നാണ് ആക്രമണമുണ്ടായതെന്ന് പറയുന്നു.
ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച പുലർച്ചയാണ് കുഞ്ഞുപെണ്ണ് മരിച്ചത്.
മണിക്കൂറുകൾക്ക് ശേഷം മകൾ തങ്കമ്മയും മരിച്ചു. വീട്ടിലെ ജോലിക്കാരൻ ജോയി (78), ഇവരെ രക്ഷിക്കാനെത്തിയ അയൽവാസി കവനായിൽ വിഷ്ണു എന്നിവരാണ് ചികിത്സയിലുള്ളത്. കുഞ്ഞുപെണ്ണിന്‍റെ മറ്റു മക്കൾ: കരുണാകരന്‍ (എരുമേലി പഞ്ചായത്ത് മുൻ അംഗം, മുൻ വൈസ് പ്രസിഡന്റ്, മുൻആക്ടിങ് പ്രസിഡന്റ്), അയ്യപ്പന്‍. മരുമകൾ: രാധാമണി. തങ്കമ്മയുടെ മക്കൾ: ശ്രീനിവാസൻ, ചന്ദ്രിക, പുഷ്പ. മരുമക്കൾ: ഡാലിയ, സത്യൻ, പരേതനായ സോമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.