നിപ്മറില്‍ 300 കിടക്കകളുള്ള ആശുപത്രി വേണം; ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നത് ആയിരങ്ങള്‍
text_fieldsഇരിങ്ങാലക്കുട: സംസ്ഥാനത്ത് നട്ടെല്ലിന് ക്ഷതമേറ്റ് ആവശ്യമായ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നത് ആയിരങ്ങള്‍. ഇവർക്ക് കൂടി ചികിൽസ ഉറപ്പാക്കുന്നതിനുള്ള ബൃഹത് പദ്ധതി രേഖ നിപ്മർ സർക്കാറിന് സമർപ്പിച്ചു. 45447 റോഡപകടങ്ങളാണ് (ഒക്ടോബര്‍ വരെയുള്ള കണക്ക്) സംസ്ഥാനത്താകെ 2023ല്‍ മാത്രം നടന്നിട്ടുള്ളത്.
ഇതില്‍ 44 ശതമാനം പേര്‍ക്കും സ്പൈനല്‍ കോഡിന് ക്ഷതമേല്ക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ സ്പൈനല്‍ കോഡ് ഇന്‍ജ്വറീസ് സെന്റേഴ്സിന്റെ (ഐ.എസ്.ഐ.സി) പഠനത്തില്‍ വ്യക്തമാക്കുന്നത്. 20 മുതല്‍ 40 വയസു വരെയുള്ളവരാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും
ട്രോമാകെയര്‍ സംവിധാനത്തിനു പുറമെ നടത്തേണ്ട പുനരധിവാസ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ മെഡിക്കൽ കോളജുകളിൽ കുറവാണ്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം ആലപ്പുഴ മെഡിക്കൽ കോളജുകളിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളിലായി ആകെ 150 കിടക്കകളാണ് പുനരധിവാസ ചികിത്സക്കായി നീക്കിവച്ചിട്ടുള്ളത്. കൂടാതെ സാമൂഹിക നീതിവകുപ്പിന് കീഴിലെ നിപ്മറിൽ എട്ട് കിടക്കകളുള്ള സൗകര്യവും ലഭ്യമാണ്. എന്നാൽ അപകടം, വീഴ്ച, സ്ട്രോക്ക്, ആക്യൂട്ട് ബ്രെയിൻ ഇഞ്ചുറി തുടങ്ങിയ അവസ്ഥകൾ നേരിടുന്ന വ്യക്തികൾക്ക് തുടർ ചികിത്സാസൗകര്യം അപര്യാപ്തമാണ്. അതിനാൽ സ്പൈനല്‍ കോഡ് തകര്ന്നവരുള്പ്പടെയുള്ളവരുടെ പുനരധിവാസം ഏറെ പ്രതിസന്ധിയിലാണ്. സ്വകാര്യ മേഖലയിലെ വന്‍കിട സ്വകാര്യ ആശുപത്രികളില്‍ ഇതിന് വലിയ ചെലവാണ് വരുന്നത്.
പൊതുമേഖലയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഏക പുനരധിവാസ ആശുപത്രി സാമൂഹിനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനാണ് (നിപ്മര്‍). ഫിസിയോതെറാപി, ഹൈഡ്രോതെറാപി, ഗെയ്റ്റ് ആന്‍ഡ് മോഷണല്‍ അനാലിസിസ് ലാബ് ഉള്‍പ്പടെ ആധുനിക സംവിധാനങ്ങള്‍ നിപ്മറിലുണ്ട്. എന്നാല്‍ ഒരേ സമയം എട്ടു പേരെ ചികിത്സിക്കുന്നതിനുള്ള സംവിധാനം മാത്രമാണ് നിപ്മറിലുള്ളത്. അതുകൊണ്ടു തന്നെ ചികിത്സാവശ്യത്തിനായി എത്തുന്ന നിരവധി പേരെ തിരിച്ചയക്കേണ്ട സാഹചര്യമാണുള്ളതെന്ന് നിപ്മര്‍
സപൈനൽ കോഡ് ഇൻജ്വറി യൂനിറ്റ് ചുമതല വഹിക്കുന്ന ഫിസിയാട്രിസ്റ്റ് ഡോ: നീന. ടി.വി പറഞ്ഞു. നട്ടെല്ലിന് പരുക്കേറ്റവരെ വീല്‍ചെയറില്‍ ഇരിയ്ക്കാന്‍ സാധിക്കുന്നതു വരെയുള്ള പുനരധിവാസ ചികിത്സയ്ക്ക് കൂടുതല്‍ പ്രൊഫഷണലുകളുടെ ഇടപെടല്‍ ആവശ്യമുണ്ട്. ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപി, സൈക്കോ തെറാപി, ഡയറ്റീഷ്യന്റെ സേവനം ഉള്‍പ്പടെ വേണമെന്നുള്ളതു കൊണ്ടാണ് വന്‍ ചെലവ് വരുന്നത്.
ഈ സാഹചര്യത്തില്‍ നിപ്മറില്‍ 300 ബെഡുകളുള്ള പുനരധിവാസ ആശുപത്രി വേണമെന്നാണ് ആവശ്യം. ഇതിനായി പുതിയ കെട്ടിടങ്ങളും സ്ഥലവും വേണം. ആശുപത്രി വികസനത്തിനായി മിതമായ വിലയില്‍ ആറേക്കര്‍ സ്ഥലം വിട്ടു നല്‍കാമെന്ന് ആളൂര്‍ പഞ്ചായത്തിലെ ആറു പേര് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ഏക പുനരധിവാസ സ്ഥാപനമായ നിപ്മറില്‍ 300 കിടക്കകളുള്ള ആശുപത്രി അനുവദിച്ചാല്‍ കിടപ്പുരോഗികള്‍ക്ക് വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.