കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് മൂന്നാം ക്ലാസുകാരി മരിച്ചു
text_fieldsകൂത്താട്ടുകുളം: എം.സി റോഡിൽ പാലക്കുഴ അമ്പലംകുന്ന് പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന എട്ടുവയസ്സുള്ള മകൾ മരിച്ചു. കൂത്താട്ടുകുളം ഇടയാർ കൊച്ചുമലയിൽ കെ.എ. അരുണിന്‍റെയും അശ്വതിയുടെയും മകൾ ആരാധ്യയാണ് (എട്ട്) അപകടത്തിൽ തൽക്ഷണം മരിച്ചത്.ആരാധ്യയുടെ അമ്മ അശ്വതി (36), സഹോദരി ആത്മി (നാല്) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 3.45ഓടെയാണ് അപകടം.
അപകടത്തിൽ ബസിന്‍റെ അടിയിൽ വീണ ആരാധ്യയെ രക്ഷിക്കാൻ പമ്പിലെ ജീവനക്കാരി അലമുറയിട്ട് ഓടിയെത്തിയപ്പോഴേക്കും ബസ് മുന്നോട്ടെടുത്തു. ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം കൂത്താട്ടുകുളം പൊലീസും അഗ്നിരക്ഷാസേനയുമെത്തി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും ഇളയ കുട്ടിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്കൂളിൽ ഡാൻസ് അവതരിപ്പിക്കുന്നതിന് ഡ്രസ്സ് എടുക്കാൻ കൂത്താട്ടുകുളത്തേക്ക് വരുംവഴിയായിരുന്നു അപകടം.
മരിച്ച ആരാധ്യ പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് അമ്മ അശ്വതി. പാലക്കുഴ ഉപ്പുകണ്ടത്ത് അമ്മയോടൊപ്പം വാടകവീട്ടിലാണ് അശ്വതി താമസിക്കുന്നത്. സിങ്കപ്പൂരിൽ ഹോട്ടൽ ജീവനക്കാരനായ അച്ഛൻ അരുൺ വെള്ളിയാഴ്ച നാട്ടിലെത്തും. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് പെരിയപ്പുറം സെന്‍റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.