ചാരായം വാറ്റ് എക്സൈസിനെ അറിയിച്ചതിന്‍റെ പ്രതികാരമായി 73കാരിയെ പോക്സോ കേസിൽ കുടുക്കി
text_fieldsകൊല്ലം : സമീപവാസിയുടെ വീട്ടിലെ ചാരായം വാറ്റ് മകൻ എക്സൈസിനെ അറിയിച്ചതിന്‍റെ പ്രതികാരമായി 73കാരിയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെടുകയാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ശ്രീമതി. പൊലീസിന്‍റെ അന്യായമായ പ്രവർത്തിക്കെതിരെ മനുഷ്യാവകാശ കമീഷനേയും മുഖ്യമന്ത്രിയെയും സമീപിച്ചിച്ചിരിക്കുകയാണ് വയോധിക.
മൂന്നുമാസം മുന്‍പ് അയല്‍വാസിയുടെ ഫാം ഹൗസില്‍ കള്ളവാറ്റ് നടത്തുന്നതായി ശ്രീമതിയുടെ മകൻ എക്‌സൈസിനെ അറിയിച്ചിരുന്നു. എക്‌സൈസ് ഫാം ഹൗസില്‍ റെയ്ഡ് നടത്തി. ഇതിന് പിന്നാലെ അയല്‍വാസിയുടെ മകനെ പീഡിപ്പിച്ചെന്നു പറഞ്ഞ് തനിക്കെതിരെ പോക്‌സോ കേസ് കൊടുക്കുകയായിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.
അയൽക്കാരി നൽകിയ കള്ള പരാതി അന്വേഷിക്കുക പോലും ചെയ്യാതെ പൊലീസ് തന്നെ അറസ്റ്റ് ചെയ്തു. വാക്‌സിന്‍ സ്വീകരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അതിനുപോലും അനുവദിക്കാതെ ഉടന്‍ തിരികെ എത്തിക്കാമെന്നു പറഞ്ഞു പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അയൽവാസിയുടെ പതിനാലുകാരൻ മകനെ ശ്രീമതി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 45 ദിവസമാണ് ശ്രീമതി ജയിലില്‍ കിടന്നത്. വൈദ്യപരിശോധന പോലും നടത്താതെയാണ് പൊലീസ് കേസെടുത്തതെന്ന് ശ്രീമതി പറയുന്നു. എന്നാൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ശ്രീമതിയെ അറസ്റ്റ് ചെയ്തതെന്നാണ് കുളത്തുപ്പുഴ പൊലീസ് പറയുന്നത്.
അറസ്റ്റ് ചെയ്യുന്ന സമയത്തും എന്താണ് കേസെന്ന് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മകന്‍ ജാമ്യത്തിലിറക്കാന്‍ വരുമെന്നായിരുന്നു പ്രതീക്ഷ. കേസിനെക്കുറിച്ച് അറിഞ്ഞ മകന്‍ അത് മാനക്കേടായാണ് കണ്ടത്. മകൻ തന്നോട് സംസാരിക്കാറില്ലെന്നും തെറ്റു ചെയ്തു എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. രണ്ട് പെണ്‍മക്കള്‍ തന്നെ പിന്തുണക്കുന്നുണ്ടെന്നും ശ്രീമതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.