കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒന്നിച്ച് എ,ഐ ഗ്രൂപ്പുകൾ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ അവഗണിക്കപ്പെട്ടുവെന്ന് പരാതിപ്പെടുന്ന എ,ഐ വിഭാഗങ്ങൾ നേതൃത്വത്തിന്റെ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ യോജിച്ചുനീങ്ങാൻ തീരുമാനിച്ചു. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ഇരുഗ്രൂപ്പുകളുടെയും സംയുക്ത യോഗത്തിലാണ് ധാരണ. രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കന് എന്നീ ഗ്രൂപ്പുനേതാക്കൾക്ക് പുറമെ ശശി തരൂരുമായി അടുപ്പമുള്ള എം.കെ. രാഘവൻ എം.പിയും പങ്കെടുത്തു. അതേസമയം, തർക്കം പരിഹരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അനുനയ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെങ്കിലും വിജയിച്ചില്ല.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്നും പാർട്ടിയിലെ ഐക്യത്തിന്റെ അന്തരീക്ഷം നഷ്ടപ്പെടുത്തിയെന്നുമാണ് ഗ്രൂപ്പുനേതൃയോഗത്തിലെ വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകമാൻഡിനെ സംയുക്തമായി സമീപിക്കും. പുനഃസംഘടനയിൽ അതൃപ്തിയുള്ള എം.പിമാർ കേന്ദ്രനേതൃത്വത്തെ പ്രത്യേകമായും കാണും. വയനാട് നടന്ന ലീഡേഴ്സ് മീറ്റിൽ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തീരുമാനിച്ച ‘മിഷൻ 24’നെ പാർട്ടി പിടിച്ചെടുക്കാനുള്ള തന്ത്രമായി സംസ്ഥാന നേതൃത്വം മാറ്റിയെന്ന് യോഗം അഭിപ്രായപ്പെട്ടു. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് പുനഃസംഘടന പൂർത്തീകരിക്കണമെന്നാണ് ലീഡേഴ്സ് മീറ്റിൽ തീരുമാനിച്ചതെങ്കിലും അതുണ്ടായില്ല.
ആകെയുള്ള 282 ബ്ലോക്ക് കമ്മിറ്റികളിൽ, പുനഃസംഘടനക്കുള്ള ഏഴംഗ ഉപസമിതി ഐകകണ്ഠ്യേന പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച 170 ഓളം പേരുകൾ ഒഴികെ 110 ഓളം പേരെ സംസ്ഥാന നേതൃത്വമാണ് തീരുമാനിച്ചത്. അവരുടെ കാര്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡൻറുമാരുമായി കൂടിയാലോചിക്കാമായിരുന്നുവെങ്കിലും അതിന് തയാറായില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് കടുംപിടുത്തം കാണിച്ചത്. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാനും സതീശൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ യോജിച്ച് മുന്നോട്ടുപോകാനാണ് ഗ്രൂപ്യോഗത്തിലെ ധാരണ.
സതീശനെതിരെ ഗ്രൂപ്പുകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡൻറ് അനുനയനീക്കത്തിനിറങ്ങിയത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയില്ലെന്നത് ശുദ്ധനുണയാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അതൃപ്തരായ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ പരാതിയുണ്ടെങ്കിൽ എ.ഐ.സി.സി അന്വേഷിക്കട്ടെ. പുനഃസംഘടനയിൽ സതീശൻ എന്ത് പാതകം ചെയ്തുവെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.