സ്വകാര്യ ബില്ലുകളിൽ തിളങ്ങിയ ദിനം
text_fieldsസ്വകാര്യ ബില്ലുകളൊക്കെ സഭാതലത്തിൽ തലതല്ലി വീഴുകയാണ് പതിവ്. അംഗങ്ങൾ ഉറക്കമൊഴിഞ്ഞ് പഠിച്ച് അവതരിപ്പിക്കുന്ന ബില്ലുകളെ തികച്ചും നിർദയമായി കഴുത്തുഞെരിക്കുന്ന രീതി. സമൂഹത്തിലെ ദുർബലരുടെ നിലവിളികളാകും ഒരോന്നിലും. ഒരു കൈത്താങ്ങ്, ചെറു സഹായം വേണ്ടവരാണിതൊക്കെ. നൂറുനൂറ് പ്രശ്നങ്ങൾ നേരിടുന്ന വിഭാഗങ്ങൾ. തൊടുന്യായങ്ങൾ പറഞ്ഞ് മിക്കതും തള്ളുന്ന രീതിയൊക്കെയുണ്ട്. പതിവിന് വിപരീതമായിന്ന് തൊഴിൽമന്ത്രി കൂടിയായ വി. ശിവൻകുട്ടിയുടെ നിലപാട്. എട്ട് സ്വകാര്യ ബില്ലുകളിൽ രണ്ടെണ്ണത്തിന് പകരം സർക്കാർ നിയമനിർമാണത്തിലേക്ക് പോവുകയാണെന്ന് മന്ത്രി ശിവൻകുട്ടി സർക്കാറിന് വേണ്ടി സഭയിൽ ഉറപ്പ് നൽകുകയായിരുന്നു.
തുച്ഛ വരുമാനം കിട്ടുന്ന ഓൺലൈൻ വിതരണ രംഗത്തുള്ളവർക്ക് വേണ്ടി പ്രഫ. എൻ. ജയരാജ് കൊണ്ടുവന്ന ബിൽ തള്ളിക്കളയാൻ മന്ത്രിക്കായില്ല. ഇവർക്കായി സർക്കാർ തന്നെ പുതിയ ക്ഷേമനിധി നിയമം കൊണ്ടുവരുമെന്ന ഉറപ്പിൽ ജയരാജ് സ്വന്തം ബിൽ പിൻവലിച്ചു. കെ.ഡി. പ്രസേനന്റെ അന്ധവിശ്വാസ അനാചാര നിർമാർജന ബില്ലിനോടും സർക്കാറിന് വിയോജിപ്പുണ്ടായില്ല. സമഗ്രമായ ബിൽ സർക്കാർ തയാറാക്കി വരികയാണെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ കെ.ഡി. പ്രസേനനും ബിൽ പിൻവലിച്ചു.
ഹരിതകർമ സേനാംഗങ്ങളുടെ ദുരിതങ്ങൾ ജി. സ്റ്റീഫനും പാഴ്വസ്തു ശേഖരിക്കുന്നവരുടെ ആവലാതികൾ സി.കെ. ആശയും ഉച്ചഭാഷിണി-വെളിച്ച സംവിധാനരംഗത്തെ തൊഴിലാളികളുടെ പ്രതിസന്ധികൾ ടി.ജെ. വിനോദും ഉന്നയിച്ചു. ഇവർക്കായി പുതിയ ക്ഷേമനിധികളും ആനുകൂല്യങ്ങളും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബില്ലുകൾ. മറ്റ് ക്ഷേമ നിധികളുടെ പരിധിയിൽ ഇവയും ഉൾപ്പെടുമെന്നായി സർക്കാർ. ഏറെ നാളുകൾക്ക് ശേഷം കിട്ടിയ അംഗങ്ങളുടെ നിയമനിർമാണ പരിശ്രമ ദിനത്തെ കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിന് വ്യവസ്ഥകളുമായി കുറുക്കോളി മൊയ്തീനും രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിച്ച് വിചാരണ വേഗത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി ചാണ്ടി ഉമ്മനും ടൂറിസം അപ്പക്സ് കൗൺസിൽ ബില്ലുമായി ഒ.എസ്. അംബികയും സജീവമാക്കി.
സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസങ്ങളിലേക്കും അതിനെ ചെറുക്കേണ്ട ആവശ്യകതയിലേക്കുമാണ് കെ.ഡി. പ്രസേനന്റെ സ്വകാര്യബിൽ വിരൽചൂണ്ടിയത്. ദുർമന്ത്രവാദികൾക്കും ദുരാചാരങ്ങൾക്കും എതിരാണ് തന്റെ ബില്ലിലെ നിർദേശമെന്നും സാധാരണ വിശ്വാസസമൂഹത്തിന് എതിരല്ലെന്നും പറഞ്ഞ പ്രസേനനൻ 13-ാം നമ്പർ മുറികളില്ലാത്ത ആശുപത്രികളും ലോഡ്ജുകളും 13 -ാം നിലയില്ലാത്ത ഫ്ലാറ്റുകളുമുള്ള നാടായി കേരളം മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി. എം. രാജഗോപാലിന് അതിനോട് പൂർണ യോജിപ്പായിരുന്നു. ഹൃദയം മാറ്റിവെക്കുന്ന കാലത്ത് കോവിഡ് വന്നപ്പോൾ ശരീരത്തിൽ ചാണകം തേക്കാനും ടോർച്ചടിക്കാനും കിണ്ണം കൊട്ടാനും നിർദേശിച്ചത് ശാന്തകുമാരി എടുത്തിട്ടു. സഭയിൽ ചർച്ചകളുടെ ഗൗരവം അംഗങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോ എന്ന ആശങ്ക യു. പ്രതിഭ പ്രകടിപ്പിച്ചപ്പോൾ ഡെപ്യൂട്ടി സ്പീക്കർക്കും അതിനോട് യോജിപ്പ്.
ആർക്കും വേണ്ടാതെ ഭൂമിക്ക് ഭീഷണിയായി, രോഗ്യസാധ്യത ഉറവിടമായി, മാലിന്യക്കൂമ്പാരമായി കിടന്ന വസ്തുക്കൾ പെറുക്കിയെടുത്ത് പ്രതിഫലേച്ഛ കൂടാതെ സേവനം ചെയ്യുന്ന തൊഴിലാളികളെ കുറിച്ചാണ് സി.കെ. ആശ വിവരിച്ചത്. കർഷകരുടെയും കാർഷിക മേഖലയുടെയും പ്രശ്നങ്ങൾ എവിടെയും ചർച്ചക്ക് തയാറാകുന്നില്ലെന്ന് കുറുക്കോളി മോയ്തീൻ പരാതിപ്പെട്ടു. വെളുത്ത വാവിനോ കറുത്ത വാവിനോ അൽപം പച്ചക്കറി സംഭരിച്ചതുകൊണ്ട് കർഷകർ രക്ഷപ്പെടുമോ?. ആണ്ടിൽ ഒരിക്കൽ നാളികേരം സംഭരിച്ചാൽ മതിയോ, ചോദ്യങ്ങൾ നീണ്ടു. മൈക്ക് സെറ്റുകാരുടെ ദുരിതം ടി.ജെ. വിനോദ് വിവരിക്കുന്നതിനിടെ മൈക്ക് സെറ്റ് കേടായാൽ ഓപറേറ്റർക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്ന മുനവെച്ച ചോദ്യവുമായി എം. വിൻസെന്റ് എഴുന്നേറ്റു. ആരെ ഉദ്ദേശിച്ചാണ് വിൻസെന്റ് അമ്പ് തൊടുത്തതെന്ന് ടി.ജെ. വിനോദ് പറഞ്ഞില്ലെങ്കിലും മന്ത്രി ശിവൻകുട്ടിക്ക് അത് അവഗണിക്കാനാകുമായിരുന്നില്ല. സമാധാനത്തോടെ ഇരിക്കുമ്പോൾപോലും എപ്പോഴും ആരെയെങ്കിലും വിന്സെന്റിന് ചൊറിഞ്ഞുകൊണ്ടിരിക്കണമെന്ന് കമന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.