ചില തദ്ദേശ സ്ഥാപനങ്ങളിൽ എന്തിനും കാശ് ചോദിക്കുന്ന ഒരു കൂട്ടം ആർത്തിപണ്ടാരങ്ങൾ - മുഖ്യമന്ത്രി
text_fieldsകൊല്ലം: സ്വസ്ഥമായി ജോലി എടുത്തു കഴിയേണ്ടതിനു പകരം എന്തിനും കാശു ചോദിക്കുന്ന ആർത്തിപ്പണ്ടാരങ്ങളായി മാറിയ ഒരു കൂട്ടം പേർ ചില തദ്ദേശ സ്ഥാപനങ്ങളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതി പ്രവർത്തിക്കുന്ന ഇവരെ അവിടത്തെ ഭരണകർത്താക്കൾ കണ്ടില്ലെന്ന് നടിക്കരുത്. നല്ല നാളേക്ക് വേണ്ടി ഇത്തരം പുഴുക്കുത്തുകളെ നിയന്ത്രിച്ചേ മതിയാകു. ഒരു കാരണവശാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് എന്നിവ ചേർന്ന് നടത്തിയ 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും' സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന,ക്ഷേമ പ്രവർത്തനങ്ങളിൽ അനാരോഗ്യകരമായ സമീപനം സ്വീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഒരു പദ്ധതിയും തങ്ങളുടെ ഇഷ്ടാനിഷ്ടാത്തിന്‍റെ പേരിൽ തടയേണ്ടതല്ല. നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും പദ്ധതികൾ തടസപ്പെടുത്താനും അനാവശ്യമായ വ്യാഖ്യാനങ്ങൾ കൊടുക്കാനും ചിലർ തയാറാകുന്നുണ്ട്. പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിലും അനാരോഗ്യകരമായ സമീപനം ചിലർ പിന്തുടരുന്നു. വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തദ്ദേശ സ്ഥാപനങ്ങൾ എടുക്കേണ്ടത്. ആദ്യം അനുമതി കൊടുത്തിട്ട് പിന്നീട് നിഷേധിക്കുന്നതും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് പദ്ധതികൾ ഇല്ലാതാക്കുന്നതും ശരിയല്ല.
മാഹാമാരിയും പ്രളയവും ഉൾപ്പടെ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും പ്രശംസ പിടിച്ചു പറ്റി. നവകേരള സൃഷ്ടിക്ക് സർക്കാർ പ്രാമുഖ്യം കൊടുക്കുമ്പോൾ,അതിൽ തദ്ദേശ സ്ഥപനങ്ങൾക്ക് ഫലപ്രദമായി ഇടപെടാനാവുമെന്നും അദ്ദേഹം പറഞ്ഞു .
മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്‍റ് പ്രകാശനവും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനർ ബിജു കെ. മാത്യു, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംഘാടകസമിതി കണ്‍വീനര്‍ എ. നിസാമുദ്ദീന്‍, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപണ്‍ യൂനിവെഴ്സിറ്റി വൈസ് ചാന്‍സിലര്‍ പി.എം. മുബാറക്ക് പാഷ, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്. വി. സുധീര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ. ശ്രീവത്സന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.