‘സതീഷ് കുമാറിന് പണം കിട്ടാൻ എ.സി. മൊയ്തീൻ സഹായിച്ചു’; കരുവന്നൂരിൽ ഇടനിലക്കാരന്റെ വെളിപ്പെടുത്തൽ
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് ബാങ്കിൽനിന്ന് പണം കിട്ടാൻ മുൻമന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ സഹായിച്ചെന്ന് കേസിലെ മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തൽ.
സതീഷ് കുമാറിന്‍റെ സഹായിയും ഇടനിലക്കാരനുമായ പാടൂക്കാട് സ്വദേശി കെ.എ. ജീജോര്‍ ആണ് സി.പി.എം നേതാക്കളുടെ ഇടപെടലിനെക്കുറിച്ച് പറഞ്ഞത്. റിട്ട.
എസ്.പി അടക്കം രണ്ട് പൊലീസുകാരും സതീഷ് കുമാറിന്‍റെ പലിശ ഇടപാടില്‍ പങ്കാളികളായിരുന്നെന്ന് ജീജോര്‍ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പ ലഭിക്കാൻ കിരണിന്‍റെ നിർദേശപ്രകാരം തന്‍റെയും സതീഷ് കുമാറിന്‍റെയും സഹോദരന്‍റെയും ഭാര്യയുടെയും പേരുകളിലായി 1.50 കോടി നിക്ഷേപിച്ചിരുന്നു. പിന്നീട് ഈ തുക തങ്ങളറിയാതെ മാനേജർ ബിജു കരീമും പി.പി. കിരണും വകമാറ്റി. ഇത് അറിഞ്ഞതോടെ സതീഷ് കുമാർ പ്രശ്നമുണ്ടാക്കി. വിവരം എ.സി. മൊയ്തീനെ അറിയിച്ചു. അതിനുശേഷം ഈ പണം ഇരട്ടിയോളമാക്കി 2.90 കോടി തിരിച്ച് നൽകി. എന്നാൽ, സതീഷ് കുമാർ വീണ്ടും അക്കൗണ്ടിലൂടെ പണം വാങ്ങിയെടുത്തെന്നും ജീജോർ പറയുന്നു. ഇതിനുവേണ്ടി എ.സി. മൊയ്തീനും അന്നത്തെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയും ഇടപെട്ടിരുന്നതായും ജീജോർ പറഞ്ഞു.
സി.പി.എം നേതാക്കളായ തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവീസ് കാടയും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ. അരവിന്ദാക്ഷനും സതീഷ് കുമാറിനൊപ്പം എപ്പോഴും ഉണ്ടാകും. സതീഷ് കുമാറിന്‍റെ സാമ്പത്തിക സ്രോതസ്സില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. സതീഷ് കുമാറിന്‍റെ പക്കലുള്ള പണം വിരമിച്ച പൊലീസുകാരായ വേണുഗോപാലിന്‍റെയും ആന്‍റണിയുടെയും രവീന്ദ്രന്‍റെയുമാണ്. ഇ.പി. ജയരാജനും കെ.കെ. ശൈലജയും തൃശൂരിൽ എത്തുമ്പോൾ സതീഷ് കുമാറിനെ കണ്ടിരുന്നുന്നെന്നും ജീജോർ പറയുന്നു.
ജീജോറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എട്ടുതവണയാണ് ചോദ്യം ചെയ്ത് വിട്ടയച്ചത്. കരുവന്നൂര്‍ ബാങ്കില്‍നിന്ന് സതീഷ് കുമാർ തട്ടിയെടുത്തതായി കണ്ടെത്തിയ 14 കോടിയിൽ എട്ട് കോടിയും തന്‍റെ സഹായത്തോടെ ആയിരുന്നെന്ന് ജീജോര്‍ ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു. ഇ.ഡിക്ക് നൽകിയ വിവരങ്ങൾതന്നെയാണ് ജീജോർ മാധ്യമങ്ങളോടും പറഞ്ഞത്.
സതീഷ് കുമാറിന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം ഇ.ഡി മരവിപ്പിച്ചിരുന്നു. അയ്യന്തോൾ ബാങ്കിൽ ഇയാളുടെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപമാണ് മരവിപ്പിച്ചത്. സതീഷ് കുമാറിന്റെ ഭാര്യ, മകൻ എന്നിവരുടെ അക്കൗണ്ടുകളിൽ ഇടപാട് നടത്തുന്നതും തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.