തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsതിരുവല്ല: തിരുവല്ല-കായംകുളം റോഡിലെ മണിപ്പുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെൻ കാറാണ് കത്തി നശിച്ചത്. മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 9.15ഓടെ ആയിരുന്നു സംഭവം.
കാറിന്റെ അടിയിൽ നിന്നു പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികർ പറഞ്ഞു. തുടർന്ന് കാർ നിർത്തി രാമകൃഷ്ണൻ പുറത്തിറങ്ങി. അതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ഗോപകുമാർ, പമ്പ് ജീവനക്കാരനായ തോമസ് എന്നിവർ ചേർന്ന് പമ്പിലെ അഗ്നി ശമന സേന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക രക്ഷാ പ്രവർത്തനം നടത്തി.
തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു. സംഭവത്തെ തുടർന്ന് റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാർ പൂർണമായും കത്തി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.