മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ കലാപാഹ്വാനത്തിന് കേസ്
text_fieldsപത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ കലാപാഹ്വാനത്തിന് കേസ്. സി.പി.എം അനുഭാവി സോഹിൽ വി. സൈമണിന്‍റെ പരാതിയിൽ പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
പോസ്റ്റർ പതിച്ച സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അടൂർ സ്വദേശി ഏബൽ മാത്യുവിന്‍റെ കാറാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിലെടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാളോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനത്തിന്‍റെ പ്രവർത്തകനും കൂടിയാണ് ഏബൽ മാത്യു.
അതേസമയം, അർധരാത്രിയിൽ വാഹനം കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് സംഘത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞത് ചെറിയ സംഘർഷത്തിന് വഴിവെച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഓര്‍ത്തഡോക്‌സ് പള്ളി പരിസരങ്ങളിൽ മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ചര്‍ച്ച് ബില്‍; പിണറായി വിജയന്‍ നീതി നടപ്പാക്കണം’, ‘നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്നിങ്ങനെയാണ് നഗരത്തിൽ മാക്കാംകുന്ന് പള്ളി പരിസരത്തും ചന്ദനപ്പള്ളി പള്ളി പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.
ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിച്ചത്. രാവിലെ ആരാധനക്കെത്തിയവരില്‍ ചിലര്‍ തന്നെ ഇടപെട്ട് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ നീക്കംചെയ്തു. മന്ത്രിസഭയിൽ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയായാണ് വീണ ജോർജ് അറിയപ്പെടുന്നത്. അങ്ങനെയുള്ള മന്ത്രി കൂടി ഉള്‍പ്പെട്ട സര്‍ക്കാറാണ് സഭാ താൽപര്യങ്ങള്‍ക്ക് വിരുദ്ധമായി ബിൽ കൊണ്ടുവരുന്നത്.
സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമവുമായി മുന്നോട്ടു പോകുമ്പോള്‍ സഭയുടെ കൂടി പ്രതിനിധിയായ മന്ത്രി, സഭയുടെ താൽപര്യമെന്തെന്ന് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്. സർക്കാറിന്‍റെ ചർച്ച് ബില്ലിന്‍റെ പേരിൽ സഭയിലെ ഒരു വിഭാഗം മന്ത്രിക്കെതിരെ നടത്തുന്ന രഹസ്യനീക്കങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിൽ പ്രചരിപ്പിച്ച പോസ്റ്ററിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് പറഞ്ഞ മന്ത്രി വീണ ജോർജ് ഇതിനു പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും സൂചിപ്പിച്ചു. ഇത് തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്നും അവർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.