മന്ത്രിയെ വഴിയിൽ തടഞ്ഞ സി.പി.എം പ്രവർത്തകർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തു
text_fieldsറാന്നി (പത്തനംതിട്ട): ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ റാന്നി പഴവങ്ങാടി ജണ്ടായിക്കലിൽ വെച്ച് തടഞ്ഞ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം.
റാന്നിയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്തശേഷം പ്രവർത്തകൻ സണ്ണി ഇടയാടൻെറ വീട്ടിൽ ഭക്ഷണം കഴിച്ച് ഇറങ്ങി വരവെയാണ് ജണ്ടായിക്കൽ സ്വദേശികളായ മൂന്ന് സി.പി.എം പ്രവർത്തകർ മന്ത്രിയോട് സങ്കടം പറയാനുണ്ടന്ന് പറഞ്ഞ് തടഞ്ഞത്.
റാന്നി എം.എൽ.എ പ്രമോദ് നാരായണനും ഒപ്പമുണ്ടായിരുന്നു. ജണ്ടായിക്കലുള്ള പാറ മടയുമായി ബന്ധപ്പെട്ട പരാതിയാണ് ഇവർ ഉന്നയിച്ചതെന്ന് പറയുന്നു. മന്ത്രി പൈലറ്റ് വേണ്ടാന്ന് അറിയിച്ചിരുന്നതിനാൽ പൊലീസ് ഇല്ലായിരുന്നു.
മന്ത്രിയും എം.എൽ.എയും പാറമടയിൽനിന്ന് മലിനജലം ഒഴുകിപ്പോകുന്നത് കണ്ടിട്ട് പോകണമെന്ന് ഇവർ ശഠിച്ചു. മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ഗൺമാനുമായി ഇതിൻെറ പേരിൽ തർക്കവുമുണ്ടായി.
വിവരം അറിഞ്ഞെത്തിയ പൊലീസ് രാത്രി തന്നെ ഇവരെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മന്ത്രിയും കൂട്ടരും കേസ് വേണ്ടാന്ന് അറിയിച്ചിരുന്നത്രെ. മൊഴി കൊടുക്കാനോ പരാതി കൊടുക്കാനോ ആരും എത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിന് ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.