ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കെ.ടി ജലീൽ രാജ്യത്തിനെതിരെ പ്രസ്താവന നടത്തി 24 മണിക്കൂർ കഴിഞ്ഞിട്ടും കേസെടുക്കാത്തതിനാൽ കേരള സർക്കാരും ജലീലിന്റെ രാജ്യദ്രോഹ കുറ്റത്തിന് കൂട്ട് നിൽക്കുന്നു എന്നു വേണം കരുതാനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണം. ജമ്മു കാശ്മീരിനെ സംബന്ധിച്ച് നമ്മുടെ രാജ്യത്തിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീൽ. പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് പറയുന്നതിലൂടെ ഭാരതത്തിന്റെ പരമാധികാരത്തെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീൽ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമൂഹത്തെയാകെ ജലീൽ അപമാനിച്ചിരിക്കുന്നു. നിയമസഭാംഗത്വത്തിൽ നിന്നുള്ള രാജി സി.പി.എം ആവശ്യപ്പെടണം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്‌സവം നടക്കുന്ന സമയത്ത് മനപൂർവ്വമാണ് കാശ്മീരിൽ പോയി രാജ്യത്തിനെതിരെ പ്രസ്താവന നടത്തിയത്. ആഘോഷത്തെ അലങ്കോലപ്പെടുത്താൻ വേണ്ടിയാണിത്.
കേരളത്തിൽ തീവ്രവാദ ശക്തികൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുൻ മന്ത്രിയുടെ രാജ്യ വിരുദ്ധ പ്രസ്താവന. ഇത് നാക്കുപിഴയല്ല. ഫേസ്ബുക്കിൽ എഴുതിയതാണ്. നേരത്തെയും ജലീലിന്റെ പ്രസ്താവനകളിൽ ഇന്ത്യാ വിരുദ്ധ മനോഭാവം തെളിയിച്ചിട്ടുണ്ട്. സിമിയുടെ പ്രവർത്തകനായി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. സിമിയെ നിരോധിച്ചതിന് ശേഷമാണ് മുസ്ലീംലീഗിൽ ചേർന്നത്. തുടർന്ന് ലീഗിൽ നിന്നും രാജിവച്ച് സി.പി.എമ്മിൽ ചേരുമ്പോഴും അദ്ദേഹത്തിന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. വർഗ്ഗീയ നിലപാടും രാജ്യദ്രോഹ നിലപാടും തന്നെയാണ് ജലീൽ തുടരുന്നത്. ജലീലിനെതിരെ കേരള പൊലീസ് കേസ് എടുക്കാത്തത് എന്തെന്ന് വ്യക്തമാക്കണം. നിയമവാഴ്ചയോട് പൊലീസിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ കേസെടുക്കാൻ തയ്യാറാകണം. മുഖ്യമന്ത്രിയും ,സി.പി.എം നേതൃത്വവും ജലീലിന്റ ഇന്ത്യാ വിരുദ്ധ പ്രസ്താവനക്കെതിരെയുള്ള നിലപാട് വ്യക്തമാക്കണം. ജലീലിന്റെ അതേ നിലപാട് തന്നെയാണോ ജമ്മുകാശ്മീരിനെ കുറിച്ച് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
കശ്മീരിൽ ഇന്ത്യൻ പട്ടാളം മര്യാദക്ക് പെരുമാറിയെങ്കിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന നിലപാടാണോ സി.പി.എമ്മിനുള്ളത്? ആസാദ് കാശ്മീർ എന്ന് തന്നൊണോ പിണറായിയുടെയും നിലപാട് എന്ന് വ്യക്തമാക്കണം. രാജ്യം ഒന്നായി അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ കോൺഗ്രസ് മുഖം തിരിച്ച് നിൽക്കുന്നന്നത് എന്തിനെന്ന് വ്യക്താക്കണം. മുസ്ലീം ലീഗിനെ പേടിച്ചിട്ടാണെന്ന് വേണം കരുതാൻ. കോൺഗ്രസ് ത്രിവർണ പതാക ഉയർത്തിയാൽ രാഹുൽ ഗാന്ധിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മുസ്ലീം ലീഗിന്റെ വോട്ട് ലഭിക്കില്ലെന്നതിനാലായിരിക്കും കോൺഗ്രസ് അമൃത മഹോത്സവത്തിനെതിരെ മുഖം തിരിച്ച് നിൽക്കുന്നത്.
സ്വർണക്കടത്ത് കേസിലെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാറിയതിൽ ബി.ജെ.പിക്ക് പങ്കില്ല. സ്വർണക്കടത്ത് കേസിൽ കെ.ടി ജലിലിൽ മുഖ്യ പങ്കവഹിച്ചെന്ന് സ്വപ്‌ന സുരേഷ് തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.