മാതാവ് ഉപേക്ഷിച്ച് നവജാത ശിശു മരിച്ച കേസ്; വിചാരണ ഇന്ന് തുടങ്ങും
text_fieldsകൊല്ലം: ‘കാമുകനുമായി’ ജീവിക്കാൻ മാതാവ് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് നവജാതശിശു മരിച്ച കേസിൽ ബുധനാഴ്ച മുതൽ കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കും. വിചാരണ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 2021 ജനുവരി അഞ്ചിന് പുലർച്ചയാണ് നവജാതശിശുവിനെ അവശനിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റിയിരുന്നില്ല. ഈ കേസിലെ പ്രതി കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിളവീട്ടിൽ രേഷ്മയുടെ വീടിന്റെ പിന്നിലെ റബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിലാണ് കുട്ടി കിടന്നിരുന്നത്.
ആൺകുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടിയിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകീട്ട് മരിച്ചു. ഡി.എൻ.എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുേടതാണെന്ന് തിരിച്ചറിഞ്ഞത്. വിഷ്ണു-രേഷ്മ ദമ്പതികൾക്ക് മൂന്നുവയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. രണ്ടാമത് ഒരു കുഞ്ഞ് കൂടി ഉണ്ടെങ്കിൽ സ്വീകരിക്കാനാവില്ലെന്ന് ഫേസ് ബുക്കിലൂടെ മാത്രം ചാറ്റ് നടത്തിയിരുന്ന ‘കാമുകൻ’ പറഞ്ഞതിനാലാണ് വീണ്ടും ഗർഭിണിയായ വിവരവും പ്രസവിച്ചതും മറച്ചുവെച്ചത്.
രാത്രിയിൽ വീടിന് പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ കുഞ്ഞിനെ കുളിമുറിക്കുസമീപത്തെ റബർതോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ശേഷം കുളിമുറി കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷവും നാട്ടുകാരോടും പൊലീസുകാരോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടൽ. പൊലീസ് അന്വേഷണഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്കായി ശേഖരിച്ചിരുന്നു.
ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുേടതാണെന്ന് കണ്ടെത്തിയത്. േഫസ്ബുക്കിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകനോടൊപ്പം ജീവിക്കാനായിരുന്നു രേഷ്മ നവജാതശിശുവിനെ ഉപേക്ഷിച്ചത്. എന്നാൽ ഫേസ്ബുക്കിലൂടെ കാമുകൻ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത് ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരീപുത്രി ഗ്രീഷ്മയുമായിരുന്നു.
രേഷ്മയുടെ അറസ്റ്റിനെ തുടർന്ന് ഇവർ രണ്ടുപേരും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അന്ന് ഈ സംഭവങ്ങൾ ഏറെ വിവാദമായി. രേഷ്മയുടെ ഭർത്താവ് വിഷ്ണു ഉൾെപ്പടെ 54 സാക്ഷികളുള്ള ഈ കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ, അഡ്വ. ചേതന ടി. കർമ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.