ജൈവസമ്പത്ത് സംരക്ഷിക്കാൻ ബോധപൂർവ ശ്രമം നടക്കണം -മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsകോഴിക്കോട്: ജൈവസമ്പത്ത് സംരക്ഷിക്കാൻ ബോധപൂർവം ശ്രമം നടക്കണമെന്നും ഇതിനായി സർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ചുള്ള പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടേത് എന്നതുപോലെ ഇതര ജീവജാലങ്ങളുടെ ആവാസമേഖലയും സംരക്ഷിക്കപ്പെടണം. ജൈവസമ്പത്ത് വളരാൻ ഇതാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ അധിനിവേശ സസ്യങ്ങളെ ഇല്ലാതാക്കാനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വാഭാവിക മരങ്ങൾ നട്ടുപിടിപ്പിക്കും. കണ്ടൽക്കാടുകൾ സംരക്ഷിക്കുന്ന പരിപാടിയും സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവിധ സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു. തനത് നെൽക്കർഷകരായ മുരളീധരൻ മാസ്റ്റർ, ഐസക് എൻ. വർഗീസ് എന്നിവർക്ക് നെൽവിത്തുകൾ കൈമാറിയാണ് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് അധ്യക്ഷതവഹിച്ചു. കെ.എസ്.ബി.ബി മെംബർമാരായ ഡോ. കെ. സതീഷ് കുമാർ, ഡോ. കെ.ടി. ചന്ദ്രമോഹനൻ, സെക്രട്ടറി ഡോ. എ.വി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ബി.ബി മെംബർ കെ.വി. ഗോവിന്ദൻ സ്വാഗതവും ജി.എ ആൻഡ് എസ്.സി പ്രിൻസിപ്പലും സംഘാടക സമിതി വൈസ് ചെയർമാനുമായ ഡോ. എടക്കോട്ട് ഷാജി നന്ദിയും പറഞ്ഞു.
ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട 125ൽപരം സ്റ്റാളുകളാണ് ജൈവ കോൺഗ്രസിൽ പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ദേശീയ തലത്തിലുള്ള വിവിധ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, സർക്കാറിതര സംഘടനകൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും സംരക്ഷക കർഷകരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിതരണവും നാടൻ ഭക്ഷണശാലയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.