കോട്ടയം മെഡിക്കൽ കോളജിൽ ശ്മശാനം നിർമിക്കും
text_fieldsകോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ശ്മശാനം നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് ഒരുകോടി അനുവദിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. മെഡിക്കൽ കോളജിലെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായാണ് ശ്മശാനം. ഒപ്പം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത് ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റിൽ നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ മന്ത്രി നിർദേശിച്ചു.
മെഡിക്കൽ കോളജ് വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാനും യോഗം തീരുമാനിച്ചു. മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ മാലിന്യം നീക്കാൻ വാഹനം വാങ്ങും. ഗൈനക്കോളജി വിഭാഗത്തിൽ പേയിങ് കൗണ്ടർ, സ്റ്റേഷനറി കൗണ്ടർ എന്നിവ ആരംഭിക്കും. കാർഡിയോളജി വിഭാഗത്തിലും പേയിങ് കൗണ്ടർ ആരംഭിക്കും.
ഹൗസ് സർജൻമാർ, മറ്റു വിദ്യാർഥികൾ എന്നിവർക്ക് ഹോസ്പിറ്റൽ ഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കും. കാർഡിയോളജി വിഭാഗത്തിൽ എക്സിക്യൂട്ടിവ് ചെക്കപ്പ് സംവിധാനം ആരംഭിക്കും. പൊതുമേഖലയടക്കമുള്ള സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് (സി.എസ്.ആർ.) ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് ശ്രമം നടത്താനും യോഗം തീരുമാനിച്ചു. സർജിക്കൽ സ്റ്റോർ, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. ഇൻഫെഷ്യസ് ഡിസീസ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡർ നടപടികളായതായും യോഗം വിലയിരുത്തി.
കലക്ടർ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എച്ച്.ഡി.സി. അംഗമായ നഗരസഭാംഗം ഇ.എസ്. ബിജു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. വിദ്യാധരൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ പി. ശ്രീകല, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയർ കെ. ജോസ് രാജൻ, അസി. ഡെവലപ്മെന്റ് കമീഷണർ ജി. അനീസ്, കുടുംബശ്രീ അസി. ജില്ല മിഷൻ കോഓർഡിനേറ്റർ പ്രകാശ് ബി. നായർ, ചീഫ് നഴ്സിങ് ഓഫിസർ ഇ. ശാന്തമ്മ, ടി.എസ്. ഷിബു, പി. പ്രവീൺ കുമാർ, ജോൺസൺ കെ. സെബാസ്റ്റ്യൻ, ഹർഷ കുമാരി, മിനി മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.