പുതുപ്പള്ളിപ്പാലം കടക്കാൻ ഇനി ഒരുനാൾ; സ്ഥാനാർഥികൾ അവസാനലാപ്പിൽ
text_fieldsകോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രചാരണം ആരംഭിച്ചത് അകലകുന്നം മണ്ഡലത്തിലെ മണ്ണൂർപ്പള്ളിയിൽ നിന്നാണ്. കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. മറ്റക്കര കവലയിൽ ഏഴാം ക്ലാസുകാരൻ ഏബിൾ ചെണ്ട കൊട്ടി ആളുകളെ കൂട്ടിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പര്യടനം മുഴൂർ എത്തിയപ്പോൾ മൂന്നാം ക്ലാസുകാരൻ വിജി കുഞ്ഞുപെങ്ങൾ പാർവതിക്കൊപ്പം എത്തി താൻ വരച്ച ചാണ്ടി ഉമ്മന്റെ ചിത്രം നൽകി. മുഴൂരിൽ മറ്റൊരു വിദ്യാർഥി കെവിൻ ഉമ്മൻ ചാണ്ടിയുടെയും ചാണ്ടി ഉമ്മന്റെയും തയ്യാറാക്കിയ ചിത്രം നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
ഓരോ സ്വീകരണ പോയിന്റിലും കുട്ടികളും മുതിർന്നവരും വീട്ടമ്മമാരും അടക്കമുള്ള നിരവധി ആളുകളാണ് സ്വീകരണം നൽകുന്നത്. ശേഷം കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി റാലിയിൽ ചാണ്ടിയും പങ്കാളിയായി. ശശി തരൂർ എം.പി പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.
കൂരോപ്പട പഞ്ചായത്തിലെ പന്ത്രണ്ടാം മൈലിൽ നിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ പര്യടന തുടക്കം. പുതു വയലിലും കോയിത്താനത്തും പറയര്‍കുന്നിലും വൻ ജനസഞ്ചയമാണ് സ്ഥാനാർഥിയെ വരവേറ്റത്. പൂക്കളും പഴവർഗങ്ങളും നൽകിയും ഹാരമണിയിച്ചും സ്ഥാനാർഥിയെ സ്വീകരിക്കുന്നവർ. ഇടക്ക് കോരിച്ചൊരിയുന്ന മഴ എത്തിയെങ്കിലും തളരാത്ത ആവേശത്തോടെ നാട്ടുകാർ സ്ഥാനാർഥിയെ വരവേറ്റു. ഉച്ചക്കു ശേഷം പാമ്പാടി പഞ്ചായത്തിലെ പൊന്നരികുളം, പര്യാത്ത് കുന്ന്, അണ്ണാടിവയൽ, പത്താഴ കുഴി എന്നിവിടങ്ങളിൽ പ്രചാരണം.
വൈകിട്ടോടെ പാമ്പാടിയിലെത്തുമ്പോൾ സ്വീകരണ കേന്ദ്രം ജനനിബിഡം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി എ.വി. റസലിനൊപ്പം പാമ്പാടിയിൽ സ്ഥാനാർഥിയെ അഭിവാദ്യം ചെയ്തു. ഇഞ്ചപ്പാറയും കടന്ന് ഇല കൊടിഞ്ഞിയിൽ ആയിരുന്നു പ്രചാരണ സമാപനം.അയര്‍ക്കുന്നം പഞ്ചായത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ലാലിന്റെ ജനസമ്പര്‍ക്ക പരിപാടി. സുഹൃദ് സംഗമങ്ങളും ഗൃഹ- ടൗണ്‍ സമ്പര്‍ക്കവുമായി കേന്ദ്രമന്ത്രി വി. മുരളീധരന് അടക്കം നേതാക്കളും പങ്കെടുത്തു.
സ്ഥാപനങ്ങളിലും വീടുകളിലും ആതുരാലയങ്ങളിലും എത്തി ലിജിന്‍ലാല്‍ വോട്ടഭ്യര്‍ഥിച്ചു. ഉച്ചക്കു ശേഷം അകലക്കുന്നം പഞ്ചായത്തിലായിരുന്നു പ്രചാരണം.കേന്ദ്രമന്ത്രി വി. മുരളീധരന്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ ദിവസങ്ങളായി മണ്ഡലത്തിലുണ്ട്. മണര്‍കാട് എത്തിയപ്പോൾ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സന്ദീപ് എസ്. നായര്‍ ബി.ജെ.പിയുടെ ഭാഗമായി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അദ്ദേഹത്തെ സ്വീകരിച്ചു. പിതാവിനൊപ്പമാണ് സന്ദീപ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം: ബസേലിയോസ് കോളജിന് സമീപം കെ.കെ റോഡിൽ നാല്, അഞ്ച് തീയതികളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12വരെയും തെരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച വൈകീട്ട് ആറ് മുതലും കെ.കെ റോഡ് കഞ്ഞിക്കുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കലക്ടറേറ്റ് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ലോഗോസ് ജങ്ഷന് -ശാസ്ത്രി റോഡ് വഴി പോകേണ്ടതാണ്. മനോരമ ഭാഗത്തുനിന്ന് കലക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജങ്ഷനില്‍നിന്ന് ഗുഡ്സ് ഷെപ്പേര്‍ഡ് റോഡ് - ലോഗോസ് ജങ്ഷന് വഴിപോകേണ്ടതാണ്.
സുരക്ഷാക്രമീകരണം വിലയിരുത്തി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടുയന്ത്രം സൂക്ഷിച്ചിരിക്കുന്നതും വോട്ടെണ്ണൽ കേന്ദ്രവുമായ ബസേലിയോസ് കോളജിൽ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് സുരക്ഷാക്രമീകരണം വിലയിരുത്തി.
പോളിങ് സാമഗ്രികളുടെ വിതരണം നാളെ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിതരണ-സ്വീകരണ കേന്ദ്രമായ ബസേലിയോസ് കോളജിൽ പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. പോളിങ് ചുമതലക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ ഏഴിന് ബസേലിയോസ് കോളജിൽ എത്തിച്ചേരണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുപോകാനായുള്ള വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന്റെ ഭാഗമായി രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12വരെ കലക്ടറേറ്റ് ട്രാഫിക് ഐലൻഡ് മുതൽ ബസേലിയോസ് കോളജിന് മുൻവശത്തുള്ള ട്രാഫിക് ഐലൻഡുവരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കേ പ്രവേശനമുള്ളൂ.
പോളിങ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ: എം.ഡി സെമിനാരി സ്കൂൾ പരിസരം, എം.ഡി സെമിനാരി സ്കൂളിന് സമീപമുള്ള ദേവലോകം അരമനയുടെ ഉടമസ്ഥതയിലുള്ള പാർക്കിങ് ഗ്രൗണ്ട്, ലൂർദ് സ്കൂൾ, ലൂർദ് പള്ളി ഇവയുടെ ഗ്രൗണ്ടുകൾ, മാമ്മൻ മാപ്പിള ഹാളിന് സമീപമുള്ള യൂഹാനോൻ മാർതോമ പള്ളിയുടെ ഗ്രൗണ്ട്, കാരാപ്പുഴ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിങ് സുഗമമായി നടക്കുന്നതിനായി പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാലിനും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ അവധി പ്രഖ്യാപിച്ചു. വിതരണ/സ്വീകരണ/വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളജിന് സെപ്തംബർ നാലുമുതൽ എട്ടുവരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.