യൂനിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരന് മർദനം; പൊലീസ് ഒളിച്ചുകളി തുടരുന്നു
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ചതിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി. കാലിന് സ്വാധീനക്കുറവുള്ള രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർഥി പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനെയാണ് (19) തിങ്കളാഴ്ച നാല് എസ്.എഫ്.ഐ നേതാക്കൾ കാമ്പസിലെ ഇടിമുറിയിലെത്തിച്ച് മർദിച്ചത്.
കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളായ അമൽചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഭിന്നശേഷി അവകാശ നിയമത്തിലെ 92 (എ), 92(ബി) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം, റാഗിങ് നിരോധന നിയമപ്രകാരം കേസെടുക്കാത്ത പൊലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപമുണ്ട്. രാഷ്ട്രീയ ഇടപെടലും പ്രതികളിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവായതുമാണ് അറസ്റ്റ് വൈകാൻ കാരണമെന്നാണ് ആക്ഷേപം.
സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികൾക്കെതിരെ നടപടി എടുക്കാത്ത പൊലീസിനെതിരെ ഇടത് വിദ്യാർഥി സംഘടന എ.ഐ.എസ്.എഫ് അടക്കം രംഗത്തു വന്നു.
കാൽ വെട്ടിയെടുക്കുമെന്ന് ഭീഷണി
മർദനമേറ്റ അനസ് നാട്ടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. കോളജിലെ എസ്.എഫ്.ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തതാണ് മർദനത്തിന് കാരണമെന്ന് അനസ് പറയുന്നു. തിങ്കളാഴ്ച മൂന്നരയോടെ യൂനിയൻ റൂമിലേക്കു കൊണ്ടു പോയി മർദിക്കുകയായിരുന്നു. സ്വാധീനക്കുറവുള്ള കാൽ വെട്ടിയെടുക്കുമെന്ന് ഭീഷണി മുഴക്കി ആ കാൽ ചവിട്ടിഞെരിച്ചു.
ഇറങ്ങി ഓടാൻ ശ്രമിക്കവെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ചതായും അനസ് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിൻസിപ്പലിനു പരാതി ഇ-മെയിലായി നൽകിയെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. കോളജിലെ എസ്.എഫ്.ഐ ഡിപ്പാർട്മെന്റ് കമ്മിറ്റി അംഗവും, നാട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ് അനസ്.
ഇടിമുറിയിൽ എസ്.എഫ്.ഐ വിചാരണ
യൂനിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോ പുറത്തായി. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ യൂനിറ്റ് ഓഫിസിൽ ഇരുത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.
പത്തോളം വരുന്ന എസ്.എഫ്.ഐക്കാർ വളഞ്ഞു നിൽക്കുമ്പോൾ, യൂനിറ്റ് ഭാരവാഹി തല്ലിത്തീർക്കാൻ വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം.
പ്രതിഷേധവുമായി യുവജന സംഘടനകൾ; യൂനിവേഴ്സിറ്റി കോളജിലേക്ക് കെ.എസ്.യു മാർച്ച് ഇന്ന്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചക്ക് 11ന് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂനിവേഴ്സിറ്റി കോളജിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ല പ്രസിഡന്റ് ഗോപു നെയ്യാർ അറിയിച്ചു.
ഭിന്നശേഷിക്കാരനെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇടത് വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ് ജില്ല സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ളവർക്കെതിരെ ഉയർന്ന ആരോപണം ഗൗരവമേറിയതാണ്.
സംഭവം നടന്ന ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാത്മകമാണ്. കലാലയങ്ങളെ അക്രമവത്ക്കരിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്റ് അബ്ദുല്ലക്കുട്ടിയും സെക്രട്ടറി പി.എസ്. ആന്റസും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.