അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പകർത്താൻ ഡ്രോൺ പറത്തി; യൂ ട്യൂബർ അറസ്റ്റിൽ
text_fieldsകമ്പം: കേരള അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യൂ ട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നമന്നൂർ സ്വദേശിയാണ് പിടിയിലായത്. പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന ആന ഡ്രോൺ പറത്തിയതിനെ തുടർന്ന് തിരിച്ചിറങ്ങി ജനവാസ മേഖലക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. പുളിമരത്തോട്ടത്തിൽവെച്ച് മയക്കുവെടി വെച്ച് അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ പദ്ധതിയാണ് ഇതോടെ പാളിയത്.
മയക്കുവെടി വെച്ച് ആനയെ മേഘമല കടുവ സങ്കേതത്തിൽ വിടാനാണ് തീരുമാനം. ദൗത്യത്തിനായി ആനമലയിൽനിന്ന് മൂന്നു കുങ്കിയാനകളെ എത്തിക്കുന്നുണ്ട്. അരിക്കൊമ്പന്റെ ഭീഷണി കാരണം കമ്പം മേഖലയിൽ അതീവജാഗ്രത നിർദേശമുണ്ട്. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണമുണ്ട്. അതിനിടെ കമ്പം ടൗണിൽ നിരോധനാജ്ഞ ലംഘിച്ച 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഭീതി പരത്തുകയും വൻതോതിൽ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ഓട്ടോയിലുണ്ടായിരുന്ന ബൽരാജ് എന്നയാൾക്ക് പരിക്കേറ്റു.
ആനയെ പിടികൂടുന്നത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വനംമന്ത്രിയും തമ്മിൽ ആശയവിനിമയം നടത്തി. അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വെക്കാൻ തീരുമാനിച്ചത്. മുമ്പും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.