`ടീച്ചറേ ഒരു അഞ്ഞൂറ് രൂപ അയച്ചര്വോ.. ഇവിടൊന്നൂല്യ ടീച്ചറേ..'; നെഞ്ച് പിടയുന്ന അനുഭവം പങ്കുവെച്ചൊരു അധ്യാപിക
text_fields`ടീച്ചറേ ഒരു അഞ്ഞൂറ് രൂപ അയച്ചര്വോ.. ഇവിടൊന്നൂല്യ ടീച്ചറേ.. കുട്ട്യോൾക്ക്'; നെഞ്ച് പിടയുന്ന അനുഭവം പങ്കുവെച്ചിരിരിക്കുകയാണ് വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ അധ്യാപിക ഗിരിജ ഹരികുമാർ. തന്റെ ശിക്ഷ്യനായ അഭിഷേകിന്റെ സഹോദരനാണ് അതുൽ രാജ്. അതുലിനു സെറിബ്രൽ പാൾസി ബാധിച്ചു. പതിനേഴാം വയസിലും കഴുത്തുറച്ചിട്ടില്ല. പിതാവ് മരണപ്പെട്ട ഇവരുടെ കുടുംബം അനുഭവിക്കുന്ന ദുരിതം ഇവർക്ക് നേരത്തെ അറിയാം. എന്നാൽ, കഴിഞ്ഞ ദിവസം അഭിഷേകിന്റെ മാതാവ് സുഭദ്ര അധ്യാപികയെ വിളിച്ചു ചോദിച്ചു. ഒരു അഞ്ഞൂറ് രൂപ അയച്ച് തരുമോയെന്ന്... അനുഭവമാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം:``ടീച്ചറേ...ഒരു അഞൂറ് രൂപ അയച്ചര്വോ...കരച്ചില് പുറത്ത് വരാതെ പിടിച്ചുവെച്ച ശബ്ദം....എൻറെ ക്ലാസിലെ അഭിഷേകിൻറെ അമ്മയാണ്...
എന്താ...എന്തു പറ്റി... ഇവിടൊന്നൂല്യ ടീച്ചറേ ..കുട്ട്യോൾക്ക്.... ഉടനെ ഫോൺ കട്ട് ചെയ്ത് ആയിരം രൂപ അയച്ചുകൊടുക്കുമ്പൊ അവൻറെ അച്ഛൻ മരിച്ച അന്ന് പോയപ്പൊ കണ്ട അവന്റെ വീടും അവിടുത്തെ അവസ്ഥയും മനസിലേക്ക് കടന്നു വന്നു..ഇടക്കിടെ അവനെ മാറ്റി നിർത്തി വീട്ടിലെ കാര്യങ്ങളന്വേഷിക്കേം എന്തെങ്കിലും ബുദ്ധിമ്മുട്ടുണ്ടേൽ പറയണം എന്ന് പറയേം ചെയ്യാറുള്ളതോണ്ടായിരിക്കും വല്ലാതെ ഗതിമുട്ടിയപ്പോളുള്ള ഈ വിളി...
സെറിബ്രോ പാൾസി എന്ന രോഗം ബാധിച്ച് പതിനേഴ് വയസിലും കഴുത്തുറക്കാത്ത..,ദേഹം മുഴുവൻ സദാ വിറച്ചുകൊണ്ടിരിക്കുന്ന...ചിരിക്കാനും കരയാനും വാശിപിടിക്കാനും വിശക്കുന്നെന്ന് പറയാനുമെല്ലാം ഒരേ ശബ്ദം പുറപ്പെടുവിക്കുന്ന...ശരീരം വിറച്ച് വിറച്ച് താഴെ വീഴുമോ എന്ന് ഭയന്ന് കൈയ്യും കാലും ചെറിയ കയറ് കൊണ്ട് കെട്ടി കിടത്തിയിരിക്കുന്ന മകനെ മടിയിൽ കിടത്തി പാൽ കുപ്പിയിൽ ചായ കൊടുക്കുന്ന അമ്മയെയാണ് ഇന്നവിടെ കയറി ചെന്നപ്പൊ കാണാൻ കഴിഞത്..മൂത്രമൊഴിക്കാൻ ബെഡിൽ തന്നെ പാത്രം വെക്കണം...പുറത്തുള്ള ടോയ്ലറ്റിലേക്ക് അമ്മ ഒക്കത്തിരുത്തി കൊണ്ടുപോകണം...പൊട്ടി പൊളിയാറായ വീടും ...കാലി പാത്രങ്ങളും....
ആശ്രയമായിരുന്ന ഭർത്താവും ഇല്ലാതായപ്പൊ വല്ലാതെ ബുദ്ധിമ്മുട്ടുമ്പൊ മൂത്തവനെയും ഇളയവനെയും സ്കൂൾ മുടക്കി വയ്യാത്ത കുട്ടിക്ക് കാവലിരുത്തി തൊട്ടടുത്തെവിടെങ്കിലും പണിക്ക് പോകും ...എന്നാലും അവൻറെ ആവശ്യങ്ങൾക്ക് ഇടക്കിടക്ക് ഓടിവരാൻ പറ്റണം...പൂർത്തിയാകാത്തൊരു വീട് അച്ഛൻ പണിതിട്ടിട്ടുണ്ട്...അതൊന്ന് തേച്ച് ഒരു ബാത് റൂമും റെഡിയാക്കാൻ പറ്റിയിരുന്നേൽ പൊളിഞ് വീഴാറായിടത്തൂന്ന് അങ്ങോട്ട് മാറുകയെങ്കിലും ചെയ്യാരുന്നു....
കൂട്ടുകാരേ...നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിയുമോ....വലുതായിട്ടൊന്നും പറ്റിയില്ലെങ്കിലും ഒരു അമ്പതോ നൂറോ രൂപയെങ്കിലും അയച്ചു കൊടുക്കാൻ പറ്റുമോ...?കഴിയുന്നവർ ഉപേക്ഷ വിചാരിക്കരുത്...🙏അപേക്ഷയാണ്🙏
ആ കുട്ടിയുടെ അമ്മയുടെ ഗൂഗിൾപേ നമ്പർ (+919745541593)
Name - സുഭദ്ര അക്കൗണ്ട് ബുക്കിൻറെ ഫ്രണ്ട് പേജ് ഫോട്ടോയും ഇതോടൊപ്പം ഇടുന്നുണ്ട്''..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.