കടബാധ്യതയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു
text_fieldsകൽപറ്റ: കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനായ കർഷകൻ മരിച്ചു. വയനാട് ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (49) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.
രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശനായ നിലയിൽ വയലിൽ കണ്ടെത്തിയ ദേവസ്യയെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഇന്നലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വേനൽ മഴയിലും കാറ്റിലും അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു. ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും വാഴകൃഷി നശിച്ചതോടെ ദേവസ്യ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
തരിയോട് കോഓപറേറ്റീവ് ബാങ്കിലെ 5 ലക്ഷം രൂപയുടെ വായ്പയും 4 ലക്ഷം രൂപയുടെ ചിട്ടിയും തരിയോട് ഗ്രാമീണ ബാങ്കിലെ 5 ലക്ഷം രൂപയുടെ വായ്പയും മൂന്ന് ലക്ഷം രൂപയുടെ സ്വർണപണയവും അടക്കം 17 ലക്ഷത്തിന്‍റെ ബാധ്യത ദേവസ്യക്ക് ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.