പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് പിതാവും രണ്ട് മക്കളും മരിച്ചു
text_fieldsകട്ടപ്പന: പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് പിതാവും രണ്ട് മക്കളും മരിച്ചു. കട്ടപ്പന കൊച്ചറ രാജാക്കണ്ടം നായരുസിറ്റി ചെമ്പകശ്ശേരിയിൽ കനകാധരൻ (57), മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
അപകടത്തെക്കുറിച്ച് അയൽവാസികൾ പറയുന്നത്: ചൊവ്വാഴ്ച ഉച്ചക്ക് ഒന്നര മുതൽ നാലര വരെ പ്രദേശത്ത് കനത്ത മഴയും കാറ്റുമായിരുന്നു. ഇവരുടെ വീടിന് സമീപത്തെ പറമ്പിലെ പുല്ല് നിറഞ്ഞ വയലിൽ വെള്ളം നിറഞ്ഞുകിടന്നിരുന്നു. തൊട്ടടുത്ത് കൃഷി ചെയ്തിരുന്ന മരച്ചീനി കൃഷിക്ക് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകാതെ കൃഷിസ്ഥലത്തിന് ചുറ്റും സോളാർ കമ്പിവേലി നിർമിച്ചിരുന്നു. സമീപത്തുകൂടി പോയിരുന്ന വൈദ്യുതി ലൈനിലേക്ക് വീടിന് പിറകിൽ നിന്ന മരം കടപുഴകിയതിനെ തുടർന്ന് പൊട്ടി സോളാർ വേലിയിൽ വീണു. സോളാർ ലൈനിലും വെള്ളത്തിലും വൈദ്യുതി പ്രവാഹം ഉണ്ടായി. ഇതറിയാതെ പിതാവും മക്കളും പശുക്കൾക്ക് പുല്ലരിയാൻ എത്തുകയായിരുന്നു.
വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് പിതാവാണ് ആദ്യം വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മക്കൾ രണ്ടുപേരും ഷോക്കേറ്റു വീണു. പിതാവിനെയും മക്കളെയും കാണാതായതോടെ മൂത്തമകൻ വിഷ്ണുവിന്റെ ഭാര്യ ആതിര ഇവരെ അന്വേഷിച്ചെത്തിയപ്പോൾ മൂവരും വയലിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ പിതാവിന്റെ സഹോദരന്റെ മക്കളെയും സമീപവാസികളെയും വിളിച്ചുവരുത്തി. തുടർന്ന് വൈദ്യുതി ബോർഡിൽ അറിയിച്ച് ലൈൻ ഓഫ് ചെയ്ത ശേഷം മൂവരെയും നെറ്റിത്തൊഴു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കനകാധരന്റെ ഉപജീവനം കൃഷിയും കാലിവളർത്തലുമായിരുന്നു. എം.ബി.എ, ബി.ബി.എ ബിരുദ ധാരികളായ മക്കൾ രണ്ടുപേരും പിതാവിനെ കൃഷിയിൽ സഹായിച്ചു വരുകയായിരുന്നു. മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സാംസ്കരിക്കും. ഓമനയാണ് കനകാധരന്റെ ഭാര്യ. വിഷ്ണുവിന് രണ്ട് വയസ്സുള്ള മകനുണ്ട്. വിനോദ് അവിവാഹിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.