ഭൂമിക്കടിയില്‍നിന്ന് ഉഗ്ര ശബ്ദം; ആശങ്കയൊഴിയാതെ ആനക്കല്ല് നിവാസികള്‍
text_fieldsഎടക്കര: ഭൂമിക്കടിയില്‍നിന്ന് ഉഗ്ര സ്ഫോടന ശബ്ദം ഉണ്ടായിക്കൊണ്ടിരിക്കുന്ന പോത്തുകല്ല് ഉപ്പട ആനക്കല്ലില്‍ ആശങ്കയൊഴിയാതെ ജനം. ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വിഭാഗം പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടന ശബ്ദങ്ങള്‍ ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുമ്പ് മൂന്ന് തവണ മേഖലയില്‍ സ്ഫോടന ശബ്ദമുണ്ടായപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇക്കാര്യം അറിഞ്ഞതേയില്ല. എന്നാല്‍, ചൊവ്വാഴ്ച ഉഗ്ര സ്ഫോടന ശബ്ദമുണ്ടാകുകയും വീടുകള്‍ പ്രകമ്പനം കൊള്ളുകയും ചെയ്തതോടെ എല്ലാവരും ഭീതിയിലായി.
രാത്രി ഒമ്പതേകാലോടെയാണ് ആദ്യ ശബ്ദമുണ്ടായത്. തുടരെ ചെറു ശബ്ദങ്ങള്‍ ഉണ്ടായി. എന്നാല്‍ പത്തേമുക്കാലോടെ വീണ്ടും ഉഗ്ര ശബ്ദമുണ്ടായി. വീടുകളില്‍ നിന്നും ആളുകള്‍ കൂട്ട നിലവിളിയോടെ ഇറങ്ങിയോടി. കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്നവര്‍ വരെ ഭയചകിതരായി വീട്ടില്‍നിന്നും ഇറങ്ങിയോടി. മൂന്ന് കിലോമീറ്റര്‍ അകലെ വരെയുള്ള വീടുകളും കെട്ടിടങ്ങളും പ്രകമ്പനത്തില്‍ വിറച്ചു.
ആനക്കല്ലിലെ ശോഭന മുരിയംകണ്ടത്തില്, ഹരീസ് മേലേതില്‍, തേക്കടയില്‍ സാമുവല്‍, ശങ്കരന്, സുരേഷ് തുടങ്ങിയവരുടെ വീടുകളുടെ ഭീത്തിയിലും തറയിലും വിള്ളലുകളുണ്ടായി. നേരം പുലരുവേളം സ്ഫോടക ശബ്ദം തുടര്‍ന്നു. പോത്തുകല്‍ വില്ലേജ് അധികൃതരും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി ജനങ്ങളെ ഞെട്ടിക്കുളം എ.യു.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
2019ല്‍ കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ടറിഞ്ഞ ജനങ്ങള്‍ വീടുകള്‍ ഒഴിഞ്ഞ് ക്യാമ്പിലേക്ക് മാറി. മിക്ക കുടുംബങ്ങളിലേയും വയോധികരേയും രോഗികളേയും ദൂരെയുള്ള ബന്ധുവീടുകളിലേക്ക് മാറ്റി. പ്രദേശത്ത് തങ്ങിയവര് നേരം പുലരുവോളം വീടുകള്‍ക്ക് പുറത്ത് പേടിയോടെ ഉറങ്ങാതെ നേരം വെളുപ്പിച്ചു.
ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവങ്ങളിലൂടെയാണ് ആനക്കല്ലിലെ ജനങ്ങള്‍ ചൊവ്വാഴ്ച രാത്രി കടന്നുപോയത്. ജനം ഭയപ്പെടേണ്ടതില്ലെന്ന ജിയോളജി അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്ന് ക്യാമ്പിലുള്ളവര്‍ രാവിലെതന്നെ സ്വന്തം വീടുകളിലേക്ക് മടങ്ങി. എങ്കിലും അവരുടെ ആശങ്കകള്‍ ബാക്കി നില്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.