മൃതദേഹങ്ങളുമായി നെട്ടോട്ടം; ജില്ല ആശുപത്രിമോർച്ചറി തകർന്നിട്ട് ആഴ്ചകൾ
text_fieldsകോട്ടയം: ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടം മുടങ്ങിയിട്ട് മൂന്നാഴ്ച. മെഡിക്കൽ കോളജിലേക്ക് മൃതദേഹങ്ങളുമായി നെട്ടോട്ടം. ശക്തമായ കാറ്റിനെ തുടർന്ന് മരംവീണ് മോർച്ചറി കെട്ടിടത്തിന് കേടുപാട് സംഭവിച്ചതോടെ പോസ്റ്റ്മോർട്ടം നടപടി മുടങ്ങുകയായിരുന്നു. മരംവീണതോടെ കെട്ടിടത്തിലെ ഓടുകളും പട്ടികകളും തകർന്നു.
മോർച്ചറി ജീവനക്കാരുടെ മുറിയുടെയുടെയും പോസ്റ്റ്മോർട്ടം ടേബിളിന്റെയും മുകൾഭാഗമാണ് മരംവീണ് തകർന്നത്. മഴപെയ്യുമ്പോൾ ഭിത്തിയിലെ വിള്ളലിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഓട് തകർന്ന് ഫ്രീസറിന്റെ മുകളിലേക്ക് വെള്ളം വീഴുന്നത് ഒഴിവാക്കുന്നതിനായി പടുത കെട്ടിമറച്ചിരിക്കുകയാണ്. മോർച്ചറിയുടെ കെട്ടിടത്തിനും ബലക്ഷയമുണ്ട്.
ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടം തടസ്സപ്പെട്ടതോടെ നടപടിക്കായി പൊലീസ് നേരിട്ട് മെഡിക്കൽ കോളജിലേക്കാണ് മൃതദേഹങ്ങൾ അയക്കുന്നത്. ഒരേസമയം ആറ് മൃതദേഹം മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിക്കാനാവും. എന്നാൽ, മോർച്ചറി പ്രവർത്തനരഹിതമായതോടെ അവശ്യഘട്ടങ്ങളിൽ മൃതദേഹം സൂക്ഷിക്കാനാകുന്നില്ല. ജില്ല ആശുപത്രിയിൽനിന്ന് മൃതദേഹങ്ങൾ അയക്കുന്നതോടെ മെഡിക്കൽ കോളജ് മോർച്ചറിയിലും നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് തിരക്കേറി. ഇവിടെയും നടപടി വൈകുന്നതോടെ ബന്ധുക്കൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
സ്വകാര്യ ആശുപത്രികളിൽ പോസ്റ്റ്മോർട്ടം നടത്താൻ ഭീമമായ തുക വാങ്ങുന്നതായും ആക്ഷേപമുണ്ട്. ജില്ല പഞ്ചായത്തിൽനിന്ന് തുക അനുവദിക്കുന്നതിനനുസരിച്ചാകും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ജില്ല പഞ്ചായത്തിൽനിന്ന് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് എടുത്തതായും മോർച്ചറിയുടെ ചുറ്റുമുള്ള മറ്റ് മരങ്ങൾ വെട്ടിമാറ്റുകയും കെട്ടിടത്തിലെ ഓടു മാറ്റി പകരം ഷീറ്റ് സ്ഥാപിക്കുന്നതിനും നടപടി ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.