ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണിക്കിടെ തീപടർന്നു; കെ.എസ്.ഇ.ബി വാഹനം കത്തിനശിച്ചു, ട്രാൻസ്ഫോർമറുകൾക്കും നാശനഷ്ടം
text_fieldsഫോർട്ട്കൊച്ചി: വൈദ്യുതി ഉപഭോഗം ഏറിയതിനെ തുടർന്ന് ലോഡ് താങ്ങാനാകാതെ ഫോർട്ട്കൊച്ചിയിൽ മൂന്ന് ട്രാൻസ്ഫോർമറുകൾ തകരാറിലായി. ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപണിക്കിടെ തീ ഉയർന്ന് കെ.എസ്.ഇ.ബിയുടെ കരാർ വാഹനമായ മിനി വാൻ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരക്ക് ഫോർട്ട്കൊച്ചി വൈ.എം.സി.എ റോഡിലുള്ള ട്രാൻസ്ഫോർമറാണ് ആദ്യം തകരാറിലായത്.
ജീവനക്കാർ എത്തി അറ്റകുറ്റപ്പണികൾ തീർത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ശനിയാഴ്ച രാത്രി പത്തോടെ വീണ്ടും ഈ ട്രാൻസ്ഫോർമർ തകരാറിലായി. വീണ്ടും തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ഫോർട്ട്കൊച്ചി ചിരട്ടപ്പാലം കിറ്റ്കാറ്റ് റോഡിലുള്ള ട്രാൻസ്ഫോർമറും തകരാറിലായി.
ഇത് ശരിയാക്കി ചാർജ് ചെയ്യുന്നതിനിടെ ഓയിലും തീപ്പൊരിയും പുറത്തേക്ക് വന്ന് തീപിടുത്തമുണ്ടാകുകയും ട്രാൻസ്ഫോർമറിന് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ഇ.ബിയുടെ കരാർ വാഹനത്തിന് തീ പിടിക്കുകയും കത്തിനശിക്കുകയുമായിരുന്നു. ഇതിന് പുറമേ ട്രാൻസ്ഫോർമറിന്റെ കേബിളുകളും ഷട്ടറുകളും തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. മട്ടാഞ്ചേരിയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേന ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വാഹനമാണെങ്കിലും സിലിണ്ടറിന് തീപിടിക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എം.എൻ. മഹേഷ്, ഡ്രൈവർ ലിവിൻസൻ, ഫയർമാൻമാരായ മനു, പ്രജോ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഏകദേശം പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കെ.എസ്.ഇ.ബി ഫോർട്ട്കൊച്ചി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആന്റണി ഡിക്രൂസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.