മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റു
text_fieldsഫോർട്ട്കൊച്ചി: മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയ ഇൻബോർഡ് വള്ളത്തിലെ തൊഴിലാളിക്ക് കടലിൽ വെടിയേറ്റു. ആലപ്പുഴ പള്ളിത്തോട് അന്ധകാരനഴി മണിച്ചിറയിൽ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്.
നാവിക പരിശീലന കേന്ദ്രമായ ഫോർട്ട്കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യക്ക് പടിഞ്ഞാറ് മാറി തീരത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് സംഭവം. മട്ടാഞ്ചേരി സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള അൽ റഹ്മാൻ നമ്പർ വൺ വള്ളത്തിലെ 33 തൊഴിലാളികൾ മീൻപിടിത്തം കഴിഞ്ഞ് വൈപ്പിൻ കാളമുക്ക് ഹാർബറിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വള്ളത്തിൽ നിൽക്കുകയായിരുന്ന സെബാസ്റ്റ്യൻ പെട്ടെന്ന് മറിഞ്ഞ് വീഴുകയായിരുന്നു. വലത് ചെവിയിൽനിന്ന് രക്തം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വള്ളത്തിൽനിന്ന് വെടിയുണ്ട കണ്ടെത്തിയതെന്ന് സെബാസ്റ്റ്യന്റെ സഹപ്രവർത്തകൻ മൈക്കിൾ പറഞ്ഞു. ചെവിയുടെ ഒരു ഭാഗം തുളഞ്ഞ സെബാസ്റ്റ്യനെ സഹപ്രവർത്തകർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോസ്റ്റൽ പൊലീസ് സെബാസ്റ്റ്യന്റെ മൊഴി രേഖപ്പെടുത്തി. നാവിക ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വെടിയുണ്ട തങ്ങൾ ഉപയോഗിക്കുന്നതല്ലെന്നും നോൺ മിലിട്ടറി ബുള്ളറ്റാണെന്നുമാണ് നേവിയുടെ വിശദീകരണം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് തോപ്പുംപടി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്നാം തീയതി വരെ ദ്രോണാചാര്യയുടെ പരിസരത്ത് മത്സ്യബന്ധനം പാടില്ലെന്ന് അറിയിപ്പുണ്ടായിരുന്നുവെന്നും ഇത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായിരുന്നുവെന്നും പിന്നീട് അറിയിപ്പൊന്നുമുണ്ടായിരുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
വെടിയുണ്ട നേവിയുടേതല്ലെങ്കിൽ ഇത്രയും തന്ത്രപ്രധാനമായ സ്ഥലത്ത് എങ്ങനെ മറ്റ് വെടിയുണ്ട വന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ അത് വലിയ സുരക്ഷ വീഴ്ചയാണെന്നും ചൂണ്ടി ക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.