അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു
text_fieldsതൃശൂർ: അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലതിരുമേടു ഫോറസ്റ്റ് സ്റ്റേഷനിലെ വനം വാച്ചർ കൊല്ലപ്പെട്ടു. പെരിങ്ങൽകുത്ത് ആദിവാസി ഊരിലെ ഇരുമ്പൻ കുമാരൻ ( 58) ആണ് മരിച്ചത്. വാഴച്ചാൽ റേഞ്ചിലെ പച്ചിലവളം കരടിപ്പാറ ഭാഗത്തുവെച്ച് ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ആക്രമണം.
കാടിനുള്ളിൽവെച്ച് ആനയുടെ മുന്നിൽപെടുകയായിരുന്നു. ആനമല റോഡില്‍ നിന്ന് 10 കിലോമീറ്റർ അകലെ ഉൾവനത്തിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സുനിൽ, പ്രേംജിത്ത്, പ്രസാദ് എന്നിവർ തലനാരിഴക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
വനപാലകരായ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്കെത്താൻ മണിക്കൂറുകളെടുത്തു. പോകുന്ന വഴിയിൽ ആനക്കൂട്ടം ഇറങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. സംഭവ സ്ഥലത്തേക്കു പോയ ആംബുലൻസ് വാഴച്ചാൽ ഇരുമ്പുപാലം ഭാഗത്തുവെച്ചു കാട്ടാനകൂട്ടം തടയുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ കുമാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സീത. മക്കൾ: അനിൽകുമാർ, ലത, ലതിക, അനഘ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.